തിരുവനന്തപുരം: ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി.സി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ ‘SPACES- Design, Culture & Politics’ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി.
പരിപാടിയില്‍ ലോകപ്രശസ്തരായ സാമൂഹിക ചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ- സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ പങ്കെടുക്കും.
കവി സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ആര്‍ക്കിടെക്റ്റ് ടി.എം സിറിയക്കാണ് ഫെസ്റ്റിവല്‍ ക്യുറേറ്റര്‍. ചരിത്രം, ഡിസൈന്‍, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആര്‍ക്കിടെക്ചര്‍, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേസമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ നടക്കും.
മാധവ് ഗാഡ്ഗില്‍, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, ആര്‍ക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ജയാ ജയ്റ്റ്ലി, ശശി തരൂര്‍, ഇറാ ത്രിവേദി, പ്രകാശ് രാജ്, ടി.എം കൃഷ്ണ, സാറാ ജോസഫ്, എന്‍.എസ് മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ബോസ് കൃഷ്ണമാചാരി, സുനില്‍ പി. ഇളയിടം, സണ്ണി എം. കപിക്കാട്, കെ.ആര്‍. മീര, പദ്മപ്രിയ തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ക്കിടെക്ച്ചര്‍ എന്ന സംസ്‌കാരത്തെപ്പറ്റിയും കേരളത്തിന്റെ ആഗോള സ്വത്വത്തെ കുറിച്ചും മുംബൈയിലെ പൈതൃകസംരക്ഷണത്തെക്കുറിച്ചും പുണ്യസ്ഥലങ്ങളിലെ ജ്ഞാനഭാവത്തെക്കുറിച്ചും വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ പങ്കുവയ്ക്കലിടങ്ങളിലെ ബലതന്ത്രത്തെക്കുറിച്ചും ഒന്നാം ദിവസം ചര്‍ച്ച ചെയ്യും. പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തെപ്പറ്റി ഡോ. വി.എസ് വിജയന്‍ മാധവ് ഗാഡ്ഗിലുമായി സംഭാഷണം നടത്തും.
സിനിമയിലേയും സാഹിത്യത്തിലേയും കഥപറച്ചിലിന്റെ ആര്‍ക്കിടെക്ച്ചറും, കരകൗശലപാരമ്പര്യങ്ങളുടെ പുനരുജ്ജീവനവും സൂക്ഷിപ്പും, സ്വതന്ത്ര സമൂഹങ്ങളും രണ്ടാം ദിവസം ചര്‍ച്ചചെയ്യും. മനു എസ് പിള്ളയുമായും റസൂല്‍ പൂക്കുട്ടിയുമായും നടത്തുന്ന സംഭാഷണങ്ങളും ഇതേദിവസം നടക്കും.
കേരളത്തിലെ വാസ്തുകലയിലെ പ്രകൃതിയേയും ആധൂനികതയേയും കുറിച്ചുള്ള സെഷന്‍ മൂന്നാം ദിവസം ഉണ്ടായിരിക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സന്യാസി മഠങ്ങളിലെ ഉള്ളറകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പങ്കെടുക്കും.
അവസാന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് കോളനി അനന്തര നഗരശാസ്ത്രം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നെഹ്രുവിന്റെ ആധുനിക വീക്ഷണതലങ്ങളെപ്പറ്റി ഡോ. ശശി തരൂര്‍ പ്രഭാഷണം നടത്തും.
ലിംഗം, ഇടം എന്നിവിടങ്ങളിലെ സമവാക്യങ്ങളെക്കുറിച്ചും ഇംഗ്ലീഷുകാര്‍ തന്നുപോയ വാസ്തുപാരമ്പര്യത്തെക്കുറിച്ചും കേരളത്തിന്റെ പുനനിര്‍മ്മാണം, ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചു നാലാം ദിവസം ചര്‍ച്ചകള്‍ നടക്കും. അന്നേദിവസം ഡി.സി കിഴക്കേമുറി സ്മാരകപ്രഭാഷണം മാഗ്സസെ അവാര്‍ഡ് ജേതാവ് ടി.എം കൃഷ്ണ നിര്‍വഹിക്കും.
ടി.എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാന്‍ഡിന്റെ റോക്ക് ഷോ, എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കി കളം തിയേറ്റര്‍ ആന്റ് റപ്രട്ടറി കേരള അവതരിപ്പിക്കുന്ന മഹാസാഗരം, കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും നടക്കും.
ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷനും ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോല്‍സവവും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.