കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജ് പുറത്തിറക്കിയ മാഗസിനായ വിശ്വ “വിഖ്യാത തെറി” ഡിസി ബുക്‌സ് പുറത്തിറക്കുന്നു.
രാജ്യത്ത് നടക്കുന്ന സവര്‍ണ ഇടപെടലുകളെ വിദ്യാര്‍ത്ഥികള്‍ വിശ്വവിഖ്യാത തെറിയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഇത് ചരിത്രപരമായ ഇടപെടലാണെന്നും അതിനാലാണ് കോളേജ് മാഗസിന്‍ പുറത്തിറക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും ഡിസി ബുക്‌സ് അധികൃതര്‍ പറഞ്ഞു.
നേരത്തെ മാഗസിന്‍ രാജ്യത്തിന് എതിരാണെന്ന് ആരോപിച്ച് എ.ബി.വി.പി ജില്ലാ കണ്‍വീനറുടെ നേതൃത്വത്തില്‍ മാഗസിന്‍ ചുട്ടെരിച്ചിരുന്നു. ഇതോടെയാണ് വിശ്വവിഖ്യാത തെറി മാധ്യമശ്രദ്ധ നേടിയത്.
മാഗസിനിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, നിയമവ്യവസ്ഥയെയും അപമാനിക്കുന്നതാണ് എന്നാരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് യൂണിയനാണ് മാഗസിന്‍ തയാറാക്കിയത്.
വിശ്വ വിഖ്യാത തെറി എന്ന മാഗസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എ.ബി.വി.പി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസീനിലുള്ളതെന്നാണ് ഏപ്രില്‍ നാലു നല്‍കിയ പരാതിയില്‍ എ.ബി.വി.പി പറയുന്നത്.
രാജ്യദ്രോഹക്കുറ്റവും, മതസ്പര്‍ധയും ആരോപിച്ച് നല്‍കിയ പരാതിയില്‍ കസബ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്‌സ് തയ്യാറായിരിക്കുന്നത്.
മാഗസിന്‍ അതേ പേരിലും, അതെ ഡിസൈനിലും തന്നെ ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുമെന്നും ഡിസി ബുക്‌സ് അധികൃതര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍സ്റ്റോറി. സവര്‍ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് കഴുമരമെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു.
തെറിയിലെ രാഷ്ട്രീയവും മേലാള സ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടാനാണു ശ്രമിച്ചതെന്നാണ് സ്റ്റുഡന്റ്‌സ് എഡിറ്റര്‍ ശ്രീഷമിം പറയുന്നത്.
മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് പോലീസ് നിയമോപദേശം തേടിയിരുന്നു. കൂടാതെ മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണവും ആവശ്യപ്പെട്ടിട്ടിരുന്നു.