എല്‍.ടി.ടി.ഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
national news
എല്‍.ടി.ടി.ഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 3:52 pm

ന്യൂദല്‍ഹി: എല്‍.ടി.ടി.ഇയുടെ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. എല്‍.ടി.ടി.ഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചരണം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം നീട്ടിയത്.

1991ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് എല്‍.ടി.ടി.ഇയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതിന് ശേഷം ഇങ്ങോട്ട് എല്ലാ അഞ്ച് വര്‍ഷവും സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നത് തുടര്‍ന്നിരുന്നു.

തമിഴ്‌നാട് കേന്ദ്രീകരിച്ച് സംഘടനയെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. യുവാക്കളെ കേന്ദ്രീകരിച്ച് സംഘടന വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതായുള്ള വിവരങ്ങളാണ് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി സംഘടനയുടെ നിരോധനം നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 2009ല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇങ്ങോട്ട് പ്രവര്‍ത്തനം പതിയെ തുടങ്ങുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം നീട്ടിയത്.

രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കുമെതിരായ പ്രവര്‍ത്തനങ്ങളാണ് എല്‍.ടി.ടി.ഇ ഇപ്പോഴും തുടരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആക്ടിലെ സെക്ഷന്‍ മൂന്നിലെ ഉപവകുപ്പുകള്‍ ഉപയോഗിച്ചാണ് ആഭ്യന്തര മന്ത്രാലയം സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Content Highlight: central government has extended the ban on LTTE for another five years