ഇന്ത്യാ മുന്നണിക്ക് വ്യക്തമായ വിജയം പ്രവചിച്ച് ഡി.ബി. ലൈവ് സര്‍വേ
national news
ഇന്ത്യാ മുന്നണിക്ക് വ്യക്തമായ വിജയം പ്രവചിച്ച് ഡി.ബി. ലൈവ് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 4:04 pm

ന്യൂദല്‍ഹി: 2024ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമാണ് കൂടുതല്‍ സര്‍വേകളും പ്രവചിച്ചത്. എന്നാല്‍ ഈ സര്‍വേ ഫലങ്ങൾക്ക് വിപരീതമായ പ്രവചനമാണ് ഡി.ബി. ലൈവ് നടത്തിയിരിക്കുന്നത്.

260 മുതല്‍ 290 വരെ സീറ്റുകള്‍ നേടി ഇന്ത്യാ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഡി.ബി ലൈവ് പ്രവചിച്ചത്. അതേസമയം, 201 മുതല്‍ 241 വരെ സീറ്റുകള്‍ മാത്രമേ എന്‍.ഡിഎക്ക് ലഭിക്കുള്ളൂ എന്നും സര്‍വേയില്‍ പറയുന്നു.

തമിഴ്‌നാട്ടിലും ഇന്ത്യാ സഖ്യം തന്നെ വിജയിക്കുമെന്നാണ് ഡി.ബി. ലൈവിന്റെ പ്രവചനം. 37 മുതല്‍ 39 വരെ സീറ്റുകള്‍ സംസ്ഥാനത്ത് ഇന്ത്യാ മുന്നണി നേടുമ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റ് മാത്രമാണ് സര്‍വേ പ്രവചിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ത്യാ മുന്നണി 28 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമ്പോൾ എന്‍.ഡി.എക്ക് 20 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഹാര്‍, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഡി.ബി. ലൈവ് പ്രവചിച്ചു.

അതേസമയം, മധ്യപ്രദേശിലും ഗുജറാത്തിലും എന്‍.ഡി.എ വിജയിക്കുമെന്നും ഡി.ബി.ലൈവിന്റെ സര്‍വേയില്‍ പറയുന്നു. ഡി.ബി. ലൈവിന്റെ സര്‍വേ ഫലങ്ങള്‍ ഇന്ത്യാ സഖ്യത്തിലെ നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്.

ജൂണ്‍ നാലിലെ യഥാര്‍ത്ഥ കണക്കുകള്‍ ഇതായിരിക്കുമെന്ന് ഡി.ബി. ലൈവിന്റെ സര്‍വേ ഫലം എക്‌സില്‍ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് ലവ് ദത്ത പറഞ്ഞു. ഈ എക്‌സിറ്റ് പോളാണ് യാഥാര്‍ത്ഥ്യമെന്ന് ജൂണ്‍ നാലിന് എല്ലാവര്‍ക്കും മനസിലാകും. അന്ന് ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ ശനിയാഴ്ച ഏഴാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 74 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് മിക്ക സര്‍വേകളുടെയും പ്രവചനം.

എന്നാല്‍ ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് വേണ്ടി മാത്രമുള്ളളതാണെന്നും യഥാര്‍ത്ഥ കണക്കുകള്‍ ജൂണ്‍ നാലിന് പുറത്ത് വരുമ്പോള്‍ ഇന്ത്യാ മുന്നണി വിജയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എക്സ്റ്റിറ്റ് പോള്‍ ഫലങ്ങളല്ല മോദി പോള്‍ ഫലങ്ങളാണ് പുറത്തുവന്നതെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

Content Highlight: DB live Exit Polls 2024 predicts a clear win for INDIA