| Thursday, 18th May 2023, 7:57 pm

ഷൂട്ടിംഗ് സമയത്ത് ജോഷിസാറില്‍ നിന്ന് ലഭിച്ച അഭിനന്ദനം അവാര്‍ഡിന് തുല്യമായിരുന്നു: ഡയ്യാന ഹമീദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാപ്പന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ ജോഷിയില്‍ നിന്ന് ലഭിച്ച അഭിനന്ദനം ഒരു അവാര്‍ഡ് ലഭിച്ചതിന് തുല്യമായിരുന്നു എന്ന് നടിയും അവതാരകയുമായ ഡയ്യാന ഹമീദ്. സിനിമയിലെ ഒരു ഷോര്‍ടില്‍ താന്‍ ക്യാമറക്ക് ഫേവര്‍ ചെയ്ത് ഫ്രെയ്മില്‍ കയറി നിന്നതിനെ സംവിധായകന്‍ ജോഷി തന്നെ അഭിനന്ദിച്ചിരുന്നു എന്നും അത് തനിക്കൊരു അവാര്‍ഡ് ലഭിച്ചതിന് തുല്യമാണെന്നും സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഡയ്യാന പറഞ്ഞു.

‘പാപ്പനിലെ ആ കഥാപാത്രം പകുതി മലയാളിയും പകുതി ബംഗാളിയുമായിരുന്നു. ആ സിനിമയില്‍ എന്റെ കഥാപാത്രത്തെ ഏറ്റവും നന്നായി പ്രൊജക്ട് ചെയ്തത് ഒരു ഡാന്‍സറായിട്ടാണ്. അത്തരം ഡാന്‍സുകള്‍ ഞാന്‍ അതിന് മുന്‍പ് ചെതിട്ടുണ്ടായിരുന്നില്ല. അത്രയധികം മെയ്‌വഴക്കമുള്ള ആളൊന്നുമല്ല ഞാന്‍.

ഷൂട്ടിന് മുമ്പ് ഒരു ദിവസം പൂര്‍ണമായും റിഹേഴ്‌സല്‍ ചെയ്യാനും ഡാന്‍സ് പഠിക്കാനുമുള്ള അവസരമുണ്ടായിരുന്നു. അതിന് ശേഷം രണ്ട് ദിവസത്തെ ഡാന്‍സ്, ഒരു ദിവസത്തെ ഒരു സീനും ഉണ്ടായിരുന്നു. ആ രണ്ട് ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു തെറ്റുകള്‍ വരാതിരിക്കാന്‍. കാരണം മിസ്റ്റേക് വന്നുപോയാല്‍ അതൊരു ക്ഷീണമാകും.

പ്രസന്ന മാസ്റ്ററായിരുന്നു കൊറിയോഗ്രാഫര്‍ എങ്കിലും ജോഷി സാര്‍ അവിടെയുണ്ടായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് അത് നന്നായി തീര്‍ത്തു. എന്റെ മാക്‌സിമം ഞാന്‍ അത് ചെയ്തു. പ്രസന്ന മാസ്റ്ററിന്റെ നല്ല ഹെല്‍പും അന്നുണ്ടായിരുന്നു. എന്റെ കൂടെ അഭിനയിച്ച ചന്തുചേട്ടനും നന്നായി സഹായിച്ചു. ഡാന്‍സ് സ്വീകന്‍സിന് ശേഷമുള്ള സീന്‍ എടുക്കുന്ന സമയത്ത് ജോഷി സാര്‍ വന്നു. അതില്‍ ഒരു ഷോര്‍ട്ടില്‍ സൈഡില്‍ നിന്നിരുന്ന ഞാന്‍ ഫ്രെയിമിലേക്ക് കയറി ക്യാമറക്ക് ഫേവര്‍ ചെയ്ത് നിന്നു. ആ ഷോര്‍ട് പക്ഷെ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല.

പക്ഷെ ഞാന്‍ അങ്ങനെ കയറി നിന്നത് നന്നായിരുന്നു എന്ന് ജോഷി സാര്‍ പറഞ്ഞു. അതൊരു അവാര്‍ഡ് ലഭിച്ചത് പോലെയായിരുന്നു എനിക്ക്.പിന്നീട് സ്‌പോട് എഡിറ്റ് നടക്കുന്ന സമയത്ത് ജോഷി സാര്‍ വിളിച്ച് മോണിറ്ററില്‍ കാണിച്ച് തരികയും ചെയ്തു. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. ഒരു അവാര്‍ഡ് ലഭിച്ചതിന് തുല്യമായിരുന്നു അത്,’ ഡയ്യാന പറഞ്ഞു.

പോയിന്റ് റെയ്ഞ്ചാണ് ഡയ്യാനയുടെ പുതിയ സിനിമ.

content highlight: Dayyana Hameed on the compliment she received from director Joshi

We use cookies to give you the best possible experience. Learn more