national news
രാമക്ഷേത്ര നിര്‍മ്മാണത്തിനായി യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ദിവസത്തെ വേതനം നിര്‍ബന്ധിച്ച് പിരിക്കുന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 21, 02:40 pm
Thursday, 21st January 2021, 8:10 pm

ലക്‌നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ദിവസത്തെ വേതനം നിര്‍ബന്ധിച്ച് വാങ്ങുന്നതായി പരാതി.

ഉത്തര്‍പ്രദേശിലെ പി.ഡബ്‌ള്യു.ഡി വിഭാഗത്തിലെ ജീവനക്കാരില്‍ നിന്നും മേലുദ്യോഗസ്ഥന്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് പണം പിരിക്കുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം.

പി.ഡബ്‌ള്യു.ഡി വികസന വകുപ്പിന്റെ മുതിര്‍ന്ന എന്‍ജിനീയര്‍ രാജ്പാല്‍ സിങ് ആണ് ജീവനക്കാരില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്.

ഇതിനായി ‘പി.ഡബ്‌ള്യു.ഡി രാം മന്ദിര്‍ വെല്‍ഫെയര്‍’ എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്‌നൗ ഹസ്റത്ഗാങ് ബാങ്കിന് രാജ്പാല്‍ സിങ് നല്‍കിയ നിര്‍ദേശപ്രകാരം പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഈ അക്കൗണ്ടിലേക്ക് ശേഖരിക്കും.

വോളന്ററി പിരിവ് എന്ന പേരില്‍ നടത്തുന്ന ഈ ധനസമാഹരണം തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വകുപ്പിലെ ജീവനക്കാര്‍ പറയുന്നു.

‘ഞങ്ങളുടെ ആരുടേയും അറിവോടെയല്ല ഈ തീരുമാനം. രാജ്പാല്‍ സിംഗ് ബാങ്കിന് നല്‍കിയ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ഒരു ദിവസത്തെ വേതനം നിര്‍ബന്ധമായി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഈ തീരുമാനത്തോട് എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ ഭയമാണ് ഞങ്ങള്‍ക്ക്’, ജീവനക്കാര്‍ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

നിലവില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. 1100 കോടി രൂപയാണ് ക്ഷേത്രനിര്‍മാണത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Payments In The Name Of Ram Temple