ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ദല്‍ഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങുമായും നിതിന്‍ ഗഡ്കരിയുമായും യോഗി കൂടിക്കാഴ്ച നടത്തി.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ വകുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് യോഗി ആദിത്യനാഥ് തിങ്കളാഴ്ച ദല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ലോക്സഭാ ഫലപ്രഖ്യാപനത്തിന് ശേഷം അമിത് ഷായുമായി യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ ബി.ജെ.പിയ്ക്ക് നഷ്ടമായത് 32 സീറ്റുകളായിരുന്നു. 240 സീറ്റുകളോടെയാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ കേവലഭൂരിപക്ഷം നേടാനുള്ള സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ തന്നെ എന്‍. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായും നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായും ചേര്‍ന്നായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്.
ബി.ജെ.പിയ്ക്ക് നഷ്ടമായ സീറ്റുകളില്‍ വലിയൊരു ശതമാനവും യു.പിയിലായിരുന്നു. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് യു.പിയില്‍ ലഭിച്ചത് വലിയ വിജയമായിരുന്നു.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി മാറിയ ഉത്തര്‍പ്രദേശിലെ ഇത്തവണത്തെ പരാജയം പാര്‍ട്ടിയെ കുലുക്കിയിരുന്നു. ബി.ജെ.പിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ യു.പിയില്‍.
2017ലേയും 2022 ലേയും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2022 ലെ ബി.ജെ.പിയുടെ യു.പി പ്രചരണത്തിന് നേതൃത്വം നല്‍കിയതും യോഗിയായിരുന്നു. എന്നാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് കാലിടറി.
രാമക്ഷേത്ര നിര്‍മാണമെന്ന ബി.ജെ.പിയുടെ എക്കാലത്തേയും വലിയ അജണ്ട നടപ്പിലാക്കിയിട്ടും അയോധ്യ നില്‍ക്കുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റു. അമേഠിയിലെ സ്മൃതി ഇറാനിയുടെ തോല്‍വിയും വാരാണസിയിലെ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്ന വന്‍ ഇടിവും ബി.ജെ.പിയ്ക്ക് ലഭിച്ച വലിയ പ്രഹരമായിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 60 ല്‍ അധികം സീറ്റുകള്‍ നേടിയ ബി.ജെ.പി 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ ഒതുങ്ങി. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മൂന്നാമത് വന്‍ വിജയം നേടുമെന്നായിരുന്നു.
എന്നാല്‍ എക്സിറ്റ് പോളുകള്‍ പോലും എഴുതിത്തള്ളിയ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി 37 ലോക്സഭാ സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു.
നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ജൂണ്‍ രണ്ടിന് ജയിലില്‍ നിന്ന് തിരിച്ചെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ പ്രചരണവും യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച പ്രധാനമന്ത്രി മോദിയും മന്ത്രിമാരും 30 ഓളം എം.പിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഇനി പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇത് ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പെടെ 30 ഓളം എം.പിമാരാണ് ഞായറാഴ്ച പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ലോക്സഭയില്‍ എന്‍.ഡി.എയ്ക്ക് ആകെ 293 അംഗങ്ങളാണ് ഉണ്ടാകുക. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം പുറത്തെടുത്ത പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കിന് 234 എം.പിമാരും ഉണ്ടാകും.
Content Highlight: Days after UP debacle, Yogi Adityanath calls on Amit Shah in Delhi