ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച് കോണ്‍ഗ്രസിലേക്കു തിരിച്ചുപോയ എം.എല്‍.എയെ ദല്‍ഹി നിയമസഭയില്‍ നിന്ന് അയോഗ്യയാക്കി. ചാന്ദ്‌നി ചൗക്ക് എം.എല്‍.എയായിരുന്ന അല്‍ക ലംബയെയാണ് സ്പീക്കര്‍ രാം നിവാസ് കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കിയത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കുന്നതിനെതിരെ രംഗത്തെത്തിയ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ലംബ വിമര്‍ശിച്ചതു കഴിഞ്ഞവര്‍ഷം അവസാനം വിവാദമായിരുന്നു.
ലംബയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്നു പറയപ്പെടുന്ന ലംബ പ്രതിഷേധ സൂചകമായി എല്ലാ പാര്‍ട്ടി യോഗങ്ങളും ബഹിഷ്‌കരിക്കുന്നതു പതിവായിരുന്നു.
ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി രാഷ്ട്രീയജീവിതം തുടങ്ങിയ ലംബ എന്‍.എസ്.യു ദേശീയ പ്രസിഡന്റുമായിരുന്നു.
ദല്‍ഹി പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി, ഗോ ഇന്ത്യാ ഫൗണ്ടേഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.