| Tuesday, 29th October 2024, 1:42 pm

വിമാനയാത്ര നിഷേധിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെ ബലൂച് ആക്ടിവിസ്റ്റിന്റെ പേര് പാകിസ്ഥാൻ ടെററിസ്റ്റ് പട്ടികയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ബലൂച് യക്ജെഹ്തി കമ്മിറ്റി (ബി.വൈ.സി) നേതാക്കളായ ഡോ. മഹ്രംഗ് ബലോച്ച് , സിബഗത്തുള്ള ഷാ എന്നിവരെ പാകിസ്ഥാൻ സർക്കാർ ടെററിസ്റ്റ് പട്ടികയിൽ ചേർത്തതായി ദി വയർ റിപ്പോർട്ട് ചെയ്തു.

2024 ഒക്‌ടോബർ ആദ്യവാരം, ന്യൂയോർക്കിലെ ടൈം മാഗസിൻ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയും ബി.വൈ.സി നേതാവുമായ മഹ്‌റംഗിനെ പാകിസ്ഥാൻ സർക്കാർ തടഞ്ഞിരുന്നു. ടൈം 100 നെക്സ്റ്റ് ഗാലയിൽ പങ്കെടുക്കാൻ വേണ്ടി ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറുന്നതിൽ നിന്ന് പാകിസ്ഥാൻ അധികൃതർ തന്നെ വിലക്കിയ വിവരം ഡോ.മഹ്‌റംഗ് ബലോച്ച് തന്നെയാണ് പുറത്ത് വിട്ടത്.

കറാച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്യോഗസ്ഥർ പരിപാടിക്ക് വേണ്ടി യാത്ര ചെയ്യുന്നതിൽ നിന്ന് തന്നെ തടഞ്ഞതായി മഹ്‌റംഗ് പറഞ്ഞു. മാത്രമല്ല, അതിനടുത്ത ദിവസം സിന്ധിലെ മാലിർ ജില്ലയിൽ മഹ്‌റംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പ്രദേശവാസിയായ അസദ് അലി ഷാമിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതിൽ മഹ്‌റംഗിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ഇതിന് പിന്നാലെയാണ് പുതിയ നടപടി. പാകിസ്ഥാൻ ഭീകരവിരുദ്ധ നിയമപ്രകാരം വിലക്കപ്പെട്ട ആളുകളുടെ പട്ടികയായ നാലാം ഷെഡ്യൂളിലാണ് ബലോച്ചിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിയമപരമായി നോക്കുകയാണെങ്കിൽ ഒരു വ്യക്തിയെ നാലാമത്തെ ഷെഡ്യൂൾ പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ അതിനെക്കുറിച്ച് അയാളെ മൂന്ന് ദിവസത്തിനുള്ളിൽ അറിയിക്കേണ്ടതുണ്ടെന്ന് മഹ്രാംഗ് പറഞ്ഞു. ഈ കാലയളവ് അവർക്ക് കോടതിയിൽ പോകാനുള്ള അവസരം നൽകും. എന്നാൽ തങ്ങളുടെ കാര്യത്തിൽ അത്തരം നീക്കങ്ങൾ ഒന്നും തന്നെയുണ്ടായില്ലെന്നും മഹ്രാംഗ് പറഞ്ഞു.

തന്നെയും ഷായെയും നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് മഹ്രാംഗ് കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7 ന് അവർ എന്നെ യാത്ര ചെയ്യാൻ അനുവദിച്ചില്ല. ഇതിനെതിരെ കോടതിയെ സമീപിച്ചതിന് ശേഷം, ഒക്ടോബർ 18 ന് സർക്കാർ നാലാം ഷെഡ്യൂളിൽ എൻ്റെ പേര് ചേർത്തു. എന്റെ പാസ്‌പോർട്ടും ഫോണും അവർ പിടിച്ചെടുത്തു അവ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.
ഞാൻ വിദേശത്തേക്ക് യാത്രചെയ്യാൻ എന്റെ രാജ്യം അനുവദിക്കുന്നില്ല. എന്തിന്, രാജ്യത്തിനകത്ത് തന്നെ സ്വതന്ത്രമായി സഞ്ചരിക്കാൻ അവർ അനുവദിക്കുന്നില്ല,’ അവർ പറഞ്ഞു.

ബലൂചിസ്ഥാനിലെ രാഷ്ട്രീയ പ്രവർത്തകർക്ക് മേൽ പാകിസ്ഥാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും രാഷ്ട്രീയ പ്രവർത്തകരെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ഈ മാസം മാത്രം 50 ബലൂച് പൗരന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ട്.

Content Highlight: Days After Being Barred From Flying, Baloch Activists’ Name Added to Pakistan’s ‘Anti-Terrorism List’

We use cookies to give you the best possible experience. Learn more