DSport
'ലോകത്തിലെ ഏറ്റവും മികച്ച താരം, അവനെതിരെ കളിക്കുമ്പോള്‍ ജാഗ്രതരായിരിക്കണം'; പി.എസ്.ജി സൂപ്പര്‍താരത്തെ പുകഴ്ത്തി ബയേണ്‍ മ്യൂണിക്ക് ഡിഫന്‍ഡര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 11, 03:08 am
Tuesday, 11th April 2023, 8:38 am

പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തി ബയേണ്‍ മ്യൂണിക്ക് ഡിഫന്‍ഡര്‍ ഡയോട്ട് ഉപമെകാനോ. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ പി.എസ്.ജിയെ കീഴ്‌പ്പെടുത്തി ബയേണ്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

എന്നിരുന്നാലും എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹത്തെ പോലൊരു കളിക്കാരന്‍ ടീമിലുണ്ടാകുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും ഉപമെകാനോ പറഞ്ഞു. ടോക്‌സ്‌പോര്‍ടിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എംബാപ്പെയെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ കളത്തില്‍ താരത്തിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കണം.

എപ്പോഴും ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം, പെട്ടെന്ന് ഏത് ദിശയിലേക്ക് നീങ്ങാനും സജ്ജരായിരിക്കണം. കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കുകയും വേണം. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എംബാപ്പെ. വളരെ അസാധാരണമായ പ്രകടനമാണ് ഫുട്‌ബോളില്‍ അദ്ദേഹം കാഴ്ചവെക്കുന്നത്,’ ഉപമെകാനോ പറഞ്ഞു.

അതേസമയം, ഫ്രഞ്ച് ടോപ്പ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് പി.എസ്.ജി. ഞായറാഴ്ച നടന്ന മത്സരത്തില്‍ നൈസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് വലിയ പോരാട്ടങ്ങളും അനശ്ചിതത്വവും നിലനില്‍ക്കുന്ന ലീഗില്‍ പി.എസ്.ജി തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റാണ് പി.എസ്.ജിക്കുള്ളത്. ഏപ്രില്‍ 16ന് ഇന്ത്യന്‍ സമയം രാത്രി 12:30ന് ലെന്‍സിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Dayot Upamecano states Kylian Mbappe is the best player in the world