ദയാനിധിമാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
Daily News
ദയാനിധിമാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2015, 8:59 pm

dayanidhimaran-01ന്യൂദല്‍ഹി: വിവാദ എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധിമാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 742.58 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതരാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

2014 ഡിസംബര്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ദയാനിധിമാരനെ മൂന്ന് ദിവസത്തോളം എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നതിരുന്നു. കള്ളപ്പണം സമ്പാദിക്കുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനുള്ള വകുപ്പ് അനുസരിച്ചാണ് ദയാനിധിമാരനും കലാനിധി മാരനുമതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 742 കോടി രൂപയുടെ അഴിമതിയായിരുന്നു ഈ സഹോദരങ്ങള്‍ക്ക് നേരെ ഉയര്‍ന്നിരുന്നത്.

ശിവശങ്കരനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തി, എയര്‍സെല്‍ ലിമിറ്റഡിന്റെ സ്‌പെക്ട്രം ലൈസന്‍സിനുള്ള അംഗീകാരം റദ്ദാക്കി തുടങ്ങിയ കുറ്റങ്ങളാണ് ദയാനിധിമാരനെതിരെ സി.ബി.ഐ ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലേഷ്യയുടെ മാക്‌സിസ് കമ്മ്യൂണിക്കേഷന് എയര്‍സെല്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കിയതെന്നും ഇതിന് വേണ്ടി മാരന്‍ എയര്‍സെല്ലിനെ നിര്‍ബന്ധിച്ചെന്നും സി.ബി.ഐയുടെ കുറ്റ പത്രത്തില്‍ പറയുന്നു.

മലേഷ്യയുടെ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍ മാരന്റെ സണ്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പിലേക്ക് പിന്നീട്് നിക്ഷേപം നടത്തിയിട്ടുണ്ട്. 629 കോടിരൂപയാണ് മാക്‌സിസ് ഗ്രൂപ്പ് സണ്‍ നെറ്റ്‌വര്‍ക്കില്‍ നിക്ഷേപിച്ചതെന്നും ഇത് മാരന്‍ എയര്‍സെല്ലിന്‍ നിന്ന് വാങ്ങിയ 742 കോടിരൂപയ്ക്ക് തുല്യമാണെന്നും സി.ബി.ഐ അറിയിച്ചു. 1700 കോടിയില്‍ അധികം രൂപയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2ജി എയര്‍സെല്‍ മാക്‌സിസ് കേസില്‍ ഗ്രൂപ്പിനെതിരെ ഷോക്കേസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.