ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള എം.പിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ഇന്ന് ലോക്‌സഭയില്‍ ഹാജരായില്ല. ഫാറൂഖ് അബ്ദുള്ളയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അദ്ദേഹം വീട്ടു തടങ്കലിലാണോ അറസ്റ്റിലാണോ എന്നുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ ആയിരുന്നു. എന്നാല്‍ അപ്പോഴും ഫാറൂഖ് അബ്ദുള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. രണ്ടു ദിവസമായി കശ്മീരില്‍ നിന്നുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കവെ ഡി.എം.കെ എം.പി ടി.ആര്‍ ബാലുവും ദയാനിധി മാരനുമാണ് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞത്.
‘എന്റെ സുഹൃത്ത് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് എനിക്കറിയില്ല. വീട്ടുതടങ്കലിലാണോ അല്ലയോ എന്നറിയില്ല. എവിടെയാണ് ഒമറും മെഹ്ബൂബയും? ഞങ്ങള്‍ക്കറിയില്ല.’- ഫാറൂഖ് അബ്ദുള്ള സഭയില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ബാലു പറഞ്ഞു.
‘ ഈ സഭയിലെ ഒരു അംഗമായ ഫാറൂഖ് അബ്ദുള്ളയെ കാണാനില്ല. അദ്ദേഹത്തെ അറസ്റ്റു ചെയ്‌തോ. ഞങ്ങള്‍ക്ക് ഒരു സൂചനയുമില്ല. ഒരു സ്പീക്കര്‍ എന്ന നിലയില്‍ നിങ്ങള്‍ അംഗങ്ങളെ സംരക്ഷിക്കണം. നിങ്ങള്‍ നിഷ്പക്ഷനാവണം’- ദയാനിധി മാരന്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കണമെന്ന് അഗസ്റ്റ് നാലിന് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.
കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരും പാകിസ്താനും വിട്ടുനില്‍ക്കണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. കശ്മീരിലേക്ക് അസാധാരണമാം വിധം സുരക്ഷാ സേനകളെ വിന്യസിച്ചതും ഭീകര ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതും ആശങ്കയുണ്ടാക്കുന്നതാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞിരുന്നു.
‘നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.’- ചൗധരി പറഞ്ഞു.
ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടക്കുകയാണ്. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധി തവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.