ആദിവാസി പ്രവര്‍ത്തക ദയാമണി ബാര്‍ല കേരളത്തിലെത്തുന്നു
Daily News
ആദിവാസി പ്രവര്‍ത്തക ദയാമണി ബാര്‍ല കേരളത്തിലെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2016, 2:19 pm

dayamaniകോഴിക്കോട്: ജാര്‍ഖണ്ഡിലെ ആദിവാസി പ്രവര്‍ത്തകയും ജേണലിസ്റ്റുമായ ദയാമണി ബാര്‍ല കേരളത്തിലെത്തുന്നു. ഏപ്രില്‍ 23, 24 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന പരിപാടി “സമരകേരളം കൂടിയിരിക്കുന്നു” എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനാനായാണ് ഇവര്‍ കേരളത്തിലേക്കു വരുന്നത്.

“പുറംതള്ളല്‍ വികസനത്തിന് ഒരറുതി, ജനകീയ വികസനത്തിന് ഒരു മാനിഫെസ്റ്റോ: സമരകേരളം കൂടിയിരിക്കുന്നു” എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യനേയും പ്രകൃതിയേയും പുറന്തള്ളുന്ന, ആദിവാസികളെയും ദളിതരേയും വിവിധ ന്യൂനപക്ഷങ്ങളേയും സ്ത്രീകളെയും കുട്ടികളെയും പുറന്തള്ളുന്ന വരേണ്യ വികസനത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡിലെ ആദിവാസി സ്വാധീനമേഖലയില്‍ ജയിച്ച ദയാമണി വീട്ടുജോലി ചെയ്തും വയലില്‍ പണിക്കുപോയുമൊക്കെയാണ് പഠനം മുന്നോട്ടുകൊണ്ടുപോയത്. പ്രകൃതിവിഭവങ്ങളാല്‍ സമ്പുഷ്ടമായ ഈ മേഖലയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്തു ലാഭം കൊയ്യാന്‍ ലക്ഷ്യമിട്ട് നിരവധി സര്‍ക്കാര്‍ സ്വാകാര്യ കമ്പനികള്‍ രംഗത്തുവന്നിരുന്നു.

ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇത് ലഭിക്കാറില്ല. കിഴക്കന്‍ ജാര്‍ഖണ്ഡിലെ ആര്‍സലര്‍ മിത്തല്‍ സ്റ്റീല്‍ പ്ലാന്റിനെതിരായ സമരത്തിലൂടെയാണ് ദയാമണി ശ്രദ്ധനേടിയത്. 12,000 ഏക്കര്‍ ഭൂമിയില്‍ വലിയൊരു സ്റ്റീല്‍ പ്ലാന്റ് തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് നാല്‍പ്പതോളം ആദിവാസി ഗ്രാമകളുടെ കുടിയൊഴിപ്പിക്കലിനു വഴിവെക്കുമെന്നു കണ്ട ദയാമണി ബാര്‍ല പ്ലാന്റിനെതിരെ ശക്തമായി നിലകൊള്ളുകയായിരുന്നു.

ആദിവാസികളെ കുടിയിറക്കുന്നതിനൊപ്പം ഈ പദ്ധതി ഈ മേഖലയി വനസമ്പത്ത് നശിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല പ്രദേശത്തെ പരിസ്ഥിതിയെയും ജലവിഭവങ്ങളെയും ഇതു ബാധിക്കുമെന്നും ഇവര്‍ വാദിച്ചു.

പ്രഭാത് ഖബര്‍ എന്ന ഹിന്ദി പത്രത്തിലാണ് ദയാമണി ബാര്‍ല ജോലി ചെയ്യുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ആക്ക്ഷന്‍ ഫോറത്തിന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് ഇവര്‍.