ഏഷ്യകപ്പിൽ ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്; ചരിത്രനേട്ടത്തിൽ നമ്പർ വൺ
Cricket
ഏഷ്യകപ്പിൽ ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്; ചരിത്രനേട്ടത്തിൽ നമ്പർ വൺ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 8:48 pm

2024 വിമണ്‍സ് ഏഷ്യ കപ്പില്‍ ഇന്ത്യ നേപ്പാളിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ഷഫാലി വര്‍മയും ദയാലിന്‍ ഹേമലതയും ചേര്‍ന്ന് പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 48 പന്തില്‍ 81 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഷഫാലിയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.  ടി-20യിൽ ഷഫാലി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

മറുഭാഗത്ത് ഹേമലത 42 പന്തില്‍ 47 റണ്‍സും നേടി. അഞ്ച് ഫോറുകളും ഒരു സിക്‌സും ആണ് താരം അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേപ്പാളിനു മുന്നില്‍ ഉയര്‍ത്തിയത്.

ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇരുവരും സ്വന്തമാക്കി. വിമണ്‍സ് ഏഷ്യ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന നേട്ടത്തിലേക്കാണ് ഇരുവരും നടന്നു കയറിയത്.

ഇതിനുമുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത് ഇന്ത്യന്‍ താരങ്ങളുടെ പേരില്‍ തന്നെയാണ്. 2022 ഏഷ്യ കപ്പില്‍ മലേഷ്യക്കെതിരെ ഷഫാലിയും സബിനേനി മേഖനയും ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു നേടിയത്. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ നേട്ടം തകര്‍ക്കപ്പെടുന്നത്.

പിന്നീട് എത്തിയ മലയാളി താരം സജന സജീവന്‍ 12 പന്തില്‍ 10 റണ്‍സ് നേടി പുറത്തായി. അവസാനം ഓവറുകളില്‍ തകര്‍ത്തടിച്ച ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ സ്‌കോര്‍ പിന്നീട് മുന്നോട്ട് നയിച്ചത്.

അഞ്ച് ഫോറുകള്‍ ഉള്‍പ്പെടെ 15 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടി കൊണ്ടായിരുന്നു ജമീമയുടെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് പന്തില്‍ ആറ് റണ്‍സ് നേടി റിച്ചാ ഘോഷ് പുറത്താവാതെ നിന്നു.

നേപ്പാള്‍ ബൗളിങ്ങില്‍ സീതാ റാണ മഗര്‍ രണ്ടു വിക്കറ്റും കബിത ജോഷി ഒരു വിക്കറ്റും നേടി.

 

Content Highlight: Dayalan Hemalatha and Shafali Varma Great Peformance Against Nepal