| Friday, 21st February 2014, 12:42 am

കൃഷിസ്ഥലം വിമാനത്താവളത്തിനുവേണ്ടി ഒഴിപ്പിക്കുന്നത് തെറ്റ്: ദയാബായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ആറന്മുള: കൃഷിസ്ഥലം പിടിച്ചെടുത്ത് വിമാനത്താവളത്തിനു നല്‍കുന്നത് തെറ്റാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി.

ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഭൂമി ഒഴിപ്പിക്കല്‍ ഭരണഘടനാ ലംഘനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ആറന്മുളസമരത്തെ അഭിവാദ്യംചെയ്യാന്‍ എത്തിയതായിരുന്നു ദയാബായി.

വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന കാര്യങ്ങളുടെ ഗുണഫലം ലഭിക്കുന്നത് കുറച്ചുപേര്‍ക്ക് മാത്രമാണെന്നും പക്ഷെ ഇതിന്റെ പ്രയോജനം മുഴുവന്‍ പേര്‍ക്കം ലഭിക്കുന്നു എന്നവിധമാണ് ഇവ നടപ്പിലാക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

“ഒരുചെറിയ വിഭാഗത്തിന് മാത്രമുള്ള വികസനത്തേക്കാള്‍ വലുത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെയാണ്. വിമാനത്താവളം കുറച്ചുപേര്‍ക്ക് മാത്രം സുഖിക്കാനും പറക്കാനുമുള്ളതാണ്. ആറന്മുളക്കാര്‍ക്ക് ഇതുകൊണ്ട് എന്താണ് പ്രയോജനം.

ഓരോ ജില്ലയിലും ഓരോ വിമാനത്താവളം ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കണം. ഭക്ഷ്യോല്‍പാദനവും വയലുകളും കുറയുമ്പോള്‍ അത് നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കും” ദയാബായി പറഞ്ഞു.

രാജ്യത്തിന് അഭിമാനിക്കാവുന്ന ഭരണഘടനയെ ധിക്കരിച്ചുനടത്തുന്ന വികസനം നമുക്കുവേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വടക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു.

നിലവില്‍ മധ്യപ്രദേശിലെ ഗോണ്ടുകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുല്‍ ഗ്രാമത്തിലാണ് അവര്‍ താമസിക്കുന്നത്.

We use cookies to give you the best possible experience. Learn more