സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന നിര്‍ത്തിയതിനു പിന്നാലെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടര്‍ന്നും ഇന്ത്യയില്‍ ഉപയോഗിക്കും എന്നറിയിച്ച് ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ.
ലാബ് പഠനങ്ങളില്‍ മരുന്നിന് ആന്റി വൈറല്‍ ഘടകങ്ങളുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ മാര്‍ച്ചില്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒപ്പം നിരീക്ഷണത്തില്‍ നിന്നും കേസ് കണ്‍ട്രോള്‍ പഠനങ്ങളിലും ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ ഉപയോഗത്തില്‍ നിന്ന് വലിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് വ്യക്തമായതെന്നും ഇദ്ദേഹം പറഞ്ഞു.
‘ ഇത് (ഹൈഡ്രോക്‌സി ക്ലോറോക്വിന്‍) നിര്‍ദ്ദേശിച്ച ആദ്യ ആഴ്ചകളില്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച ഡാറ്റയില്‍ വ്യക്തമായത് ഇതുകൊണ്ട് അപകടമില്ലെന്നാണ്. പക്ഷെ ഗുണങ്ങള്‍ ഉണ്ടായേക്കാം,’ ഇദ്ദേഹം പറഞ്ഞു.
എയിംസിലും ഐ.സി.എം.ആറിലും ദല്‍ഹിയിലെ രണ്ട് പൊതുആശുപത്രികളിലും ഇത് മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നെന്നും ഇടയ്ക്ക് വരുന്ന ഓക്കാനം, ഛര്‍ദ്ദി, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവല്ലാതെ വലിയ പാര്‍ശ്വഫലങ്ങള്‍ മരുന്നിനില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.സി.എം.ആറാണ് കൊവിഡ് പ്രതിരോധത്തിനായി ആദ്യം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന ഒഴിവാക്കിയിരുന്നു.
മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയാണ് തീരുമാനം. ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആഴ്ചകളോളം ഹൃദയസംബന്ധമായ പ്രശ്നം ഉണ്ടാവുന്നതായി കാര്‍ഡിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്കയിലെ എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) രംഗത്തു വന്നിരുന്നു.
നിലവില്‍ ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുപയോഗിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളടക്കം വരുന്നുന്നുണ്ടെന്നാണ് എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക