ജാംനഗര്‍: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ‘ഞാന്‍ ബി.ജെ.പിയെ പിന്തുണക്കുന്നു’ എന്ന അടിക്കുറിപ്പോടെ താമരയുടെ ചിഹ്നം പങ്കുവെച്ചുകൊണ്ടാണ് ജഡേജ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജഡേജ രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങും മൂത്ത സഹോദരി നൈനയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ നൈന പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷനല്‍ വിമെന്‍സ് പാര്‍ട്ടി അംഗമായിരുന്നു.
കഴിഞ്ഞ ആഴിച്ച ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗ്വതം ഏറ്റെടുത്ത് കൊണ്ട് ജഡേജയുടെ അച്ഛനും സഹോദരിയും രംഗത്തെത്തിയത്.
ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആര്.സി ഫാല്‍ഡുവിന്റേയും എം.പിയായ പൂനംബെന്‍ മാദാമിന്റേയും സാന്നിധ്യത്തിലായിരുന്നു റിവാബ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി റിവാബ സ്ഥാനമേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിവാബ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ റിവാബ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നേരത്തെ കര്‍ണി സേനയുടെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു റിവാബയുടെ പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്നും റിവാബ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രില്‍ 17-നായിരുന്നു റിവാബയും ജഡേജയും തമ്മിലുള്ള വിവാഹം നടന്നത്.