ന്യൂദല്‍ഹി: ചോദ്യം ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ബി.ജെ.പി എം.പി നാന പടോളിന്റെ യൂ ടേണ്‍. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പറഞ്ഞ എം.പി മോദിയെ കുറിച്ച് പറഞ്ഞ ചോദ്യം വീണ്ടും ആവര്‍ത്തിച്ച മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഉരുണ്ടുകളിക്കുകയായിരുന്നു.
എന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. എന്റെ പാര്‍ട്ടിയുടെ കാര്യം മാത്രമായിരുന്നില്ല ഞാന്‍ പറഞ്ഞത്. മിക്ക സര്‍ക്കാരുകളും മുഖ്യമന്ത്രിമാരും കര്‍ഷകരുടെ കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമാണെന്നാണ് പറഞ്ഞത്.
എന്തുകൊണ്ടാണ് അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാതിരുന്നത്? കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തെ എം.പിമാരുടെ യോഗം മുഖ്യമന്ത്രി രണ്ട് തവണ വിളിച്ചിരുന്നു എന്നും ഞാന്‍ പറഞ്ഞിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്തില്ല.
Dont Miss പാര്‍ട്ടി ഓഫീസ് പണിയാന്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ബി.ജെ.പി; ആരോപണവുമായി കോണ്‍ഗ്രസ്
കേന്ദ്രവിഹിതം കുറവ് മാത്രം ലഭിച്ചിട്ടും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാരാണ് എന്നുമാണ് ഞാന്‍ പറഞ്ഞത്. ദേവേന്ദ്ര ഫട്‌നാവിസിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.
അതേസമയം ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോയെന്നും എന്താണ് അതേക്കുറിച്ച് ഇപ്പോള്‍ പറയാനുള്ളത് എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് ഏറ്റവും വലിയ അതോറിറ്റിയെന്നും അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്നത് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നുമായിരുന്നു എം.പിയുടെ മറുപടി.
ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചോദ്യമുയര്‍ത്തിയപ്പോള്‍ മോദി തന്നോട് രോഷാകുലനായിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം എം.പി പറഞ്ഞത്.
“മോദിയ്ക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇഷ്ടമല്ല. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചില പ്രശ്നങ്ങള്‍ ഞാനുയര്‍ത്തിയപ്പോള്‍ അദ്ദേഹം എന്നോട് രോഷാകുലനായി. മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം നമ്മളോട് ചോദിക്കുകയാണ് ചെയ്യുക” നാഗ്പൂരില്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ അദ്ദഹം പറഞ്ഞിരുന്നു.
“ഹരിത നികുതി ഉയര്‍ത്തുക, ഒ.ബി.സി മന്ത്രാലയം, കാര്‍ഷിക രംഗത്ത് കൂടുതല്‍ നിക്ഷേപം തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷെ മോദി ക്രുദ്ധനാവുകയും എന്നോട് മിണ്ടരുത് എന്ന് പറയുകയും ചെയ്തു.” അദ്ദേഹം പറഞ്ഞിരുന്നു.
“മോദി പാര്‍ട്ടി എം.പിമാരെ ഇടയ്ക്കിടെ കാണും. പക്ഷേ അദ്ദേഹത്തിന് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇഷ്ടമല്ല” അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.