ന്യൂദല്‍ഹി: ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ പരിപാടി നടത്താന്‍ കഴിയാതിരുന്ന ഗസല്‍ ഗായകന്‍ ഗുലാം അലിയെ ദല്‍ഹി സര്‍ക്കാര്‍ പരിപാടി നടത്താനായി ക്ഷണിച്ചു. ഇന്നാണ് പാക് ഗായകനായ ഗുലാം അലിയെ ആം ആദ്മി സര്‍ക്കാര്‍ പരിപാടി നടത്താനായി ക്ഷണിച്ചത്. ദല്‍ഹിയില്‍ പരിപാടി നടത്താന്‍ കഴിയുമെന്ന് കരുതുന്നുവെന്ന് ദല്‍ഹി ടൂറിസം മന്ത്രി കപില്‍ മിശ്ര പറഞ്ഞു. സംഗീതത്തിനും കലയ്ക്കും അതിര്‍ത്തികളില്ലെന്നും മിശ്രമ ദല്‍ഹിയില്‍ പറഞ്ഞു.
നേരത്തെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് കെജ്‌രിവാള്‍ വിദ്യാര്‍ത്ഥികലെ ദല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു.
പരിപാടിയുമായി മുന്നോട്ടുപോയാല്‍ ശിവസേനയുടെയും ദേശസ്‌നേഹികളുടെയും ദേഷ്യം അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ശിവസേനയുടെ സിനിമാ സംഘടനയായ “ചിത്രപത് സേന” ഭീഷണി മുഴക്കിയിരുന്നത്. അതേ സമയം പരിപാടി മുടങ്ങിയതില്‍ ദേഷ്യമില്ലെന്നും എന്നാല്‍ സങ്കടമുണ്ടെന്നും ഗുലാം അലി പ്രതികരിച്ചിരുന്നു. മുംബൈയില്‍ നേരത്തെയും പരിപാടി അവതരിപ്പിച്ചിരുന്നു. അന്നെല്ലാം ജനങ്ങള്‍ വളരെയധികം സ്‌നേഹമാണ് നല്‍കിയിരുന്നത്. ജഗ്ജിത് സിംഗിന്റെ ഓര്‍മക്കായി നടത്തുന്ന പരിപാടിയായതിനാല്‍ എന്നെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും ഗുലാം അലി പറഞ്ഞു. ഗുലാം അലിക്കുണ്ടായ ദുരനുഭവത്തെ പാകിസ്ഥാനും അപലപിച്ചിരുന്നു.
പാക് അതിഥികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ നേരത്തെ നിരവധി തവണ ശിവസേന രംഗത്ത് വന്നിട്ടുണ്ട്. ഏപ്രിലില്‍ പാക് ഗായകന്‍ ആതിഫ് അസ്‌ലം പൂനെയില്‍ നടത്താനിരുന്ന കണ്‍സേര്‍ട്ട് ശിവസേന മുടക്കിയിരുന്നു. 1999ല്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിന് മുന്നോടിയായി ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് ശിവസേന കേട് വരുത്തിയ സംഭവവും ഉണ്ടായിരുന്നു.