മദ്യ മാഫിയകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നല്‍കിയതിന് പിറ്റേദിവസം യു.പിയിലെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
national news
മദ്യ മാഫിയകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നല്‍കിയതിന് പിറ്റേദിവസം യു.പിയിലെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 12:21 pm

ലഖ്‌നൗ: മദ്യ മാഫിയകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പരാതി നല്‍കിയതിന് പിറ്റേദിവസം മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.

എ.ബി.പി. ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സുലഭ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

സംസ്ഥാനത്തെ മദ്യമാഫിയകള്‍ക്കെതിരായ റിപ്പോര്‍ട്ടുകളുടെ പേരില്‍ തന്നെ ഒരു സംഘം ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സുലഭിന്റെ പരാതി. അതേസമയം പ്രഥമദൃഷ്ട്യാ സുലഭിന്റേത് അപകടമരണമാണെന്നാണ് പൊലീസ് ഭാഷ്യം. മറ്റ് വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

കല്ലില്‍ തട്ടി സുലഭിന്റെ ബൈക്ക് മറിയുകയായിരുന്നെന്നും രാത്രിയായിരുന്നു അപകടമെന്നും പൊലീസ് പറഞ്ഞു. അതേസമയം അപകടസ്ഥലത്ത് നിന്ന് ലഭിച്ച ഫോട്ടോഗ്രാഫുകള്‍ ദുരൂഹത ജനിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുലഭിന്റെ മുഖത്ത് പരിക്കേറ്റതായാണ് ചിത്രത്തില്‍ കാണുന്നത്. സുലഭിന്റെ ഷര്‍ട്ട് അഴിച്ച നിലയിലും പാന്റ് താഴെക്ക് വലിച്ച നിലയിലുമാണ് ഫോട്ടോയിലുള്ളത്.

ജൂണ്‍ ഒമ്പതിനാണ് മദ്യമാഫിയക്കെതിരായ സുലഭിന്റെ റിപ്പോര്‍ട്ട് എ.ബി.പി. ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. ഇതിന് ശേഷം നിരന്തരം തനിക്ക് ഭീഷണി സന്ദേശം വരുന്നതായാണ് പരാതിയില്‍ സുലഭ് പറയുന്നത്.