കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മകള്‍ കൂട്ട ബലാത്സംഗത്തിനിരയായ വിവരം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ പിതാവ് വാഹനമിടിച്ച് മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.
ബുധനാഴ്ച രാവിലെ മകളെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയപ്പോഴാണ് പിതാവിനെ വാഹനമിടിച്ചത്.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ വിവരം പിതാവ് പൊലീസില്‍ അറിയിച്ചത്. ഇതിന് പിന്നാലെ പ്രതികളുടെ കുടുംബത്തില്‍ നിന്ന് ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറയുന്നു.
കേസ് ഫയല്‍ ചെയ്തത് മുതല്‍ മോശമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
‘പരാതി നല്‍കിയ ഉടനെ തന്നെ പ്രതിയുടെ മൂത്ത സഹോദരന്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സൂക്ഷിച്ചോ, എന്റെ അച്ഛന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ്. ഞങ്ങള്‍ ഇത് ഇനിയും ആവര്‍ത്തിക്കും,’ കുടുംബാംഗം പറഞ്ഞു.
കേസില്‍ പ്രതികളായ ദീപു യാദവ്, സൗരഭ് യാദവ് എന്നിവരുടെ അച്ഛന്‍ ഉത്തര്‍ പ്രദേശിലെ കനൗജ് ജില്ലാ പരിധിയിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണ്. അതേസമയം കേസിലെ മൂന്നാം പ്രതിയായ ഗോലു യാദവ് അറസ്റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച ശേഷം പിതാവ് ചായകുടിക്കാന്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഒരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് കാണ്‍പൂര്‍ പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ തന്റെ മകനെ കൊന്നതാണെന്നാണ് മരിച്ചയാളുടെ പിതാവ് പറയുന്നത്.
അതേസമയം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക