| Wednesday, 25th August 2021, 4:38 pm

ജനറല്‍ സെക്രട്ടറിയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്തുവിട്ട പാര്‍ട്ടി അംഗത്തെ പുറത്താക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുന്‍ ജനറല്‍ സെക്രട്ടറിയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്തെത്തിച്ചതിന് യൂട്യൂബര്‍ കൂടിയായ പാര്‍ട്ടി അംഗത്തെ പുറത്താക്കി ബി.ജെ.പി. ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ടി. രാഘവന്‍ ഉള്‍പ്പെട്ട സെക്‌സ് വീഡിയോ ചാറ്റ് യൂട്യൂബറും ബി.ജെ.പി നേതാവുമായ മദന്‍ രവിചന്ദ്രനാണ് പുറത്തെത്തിച്ചത്.

ഇതിന്റെ പേരിലാണ് രാഘവന് ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായത്. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാന്‍ ബി.ജെ.പി സമിതിയെ നിയോഗിച്ചിരുന്നു.

ഈ സമിതിയോട് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് രവിചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. 2020 ഒക്ടോബറിലാണ് രവിചന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ദല്‍ഹിയില്‍ വെച്ചായിരുന്നു രവിചന്ദ്രന്റെ പാര്‍ട്ടി പ്രവേശനം.

ചൊവ്വാഴ്ചയാണ് ഒരു സ്ത്രീയുമായുള്ള സെക്സ് വീഡിയോ ചാറ്റ് പുറത്തായതിനെ തുടര്‍ന്ന് രാഘവന്‍ രാജിവെച്ചത്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. പുറത്തുവന്ന വീഡിയോയില്‍ ഒരു സ്ത്രീയുമായുള്ള സംഭാഷണം വ്യക്തമാകുന്നുണ്ട്.

അതേസമയം ആരോപണങ്ങള്‍ തന്നേയും പാര്‍ട്ടിയേയും കരിവാരിത്തേക്കാനാണെന്നാണ് രാഘവന്‍ പറയുന്നത്. മുപ്പത് വര്‍ഷമായി ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നയാളാണ് താനെന്നും സത്യം നിയമപരമായി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവിടുന്നതിന് മുന്‍പ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയെ അറിയിച്ചിരുന്നെന്ന് മദന്‍ രവിചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നാണ് അണ്ണാമലൈയുടെ വിശദീകരണം. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മറ്റ് നേതാക്കളുടെ വീഡിയോയും പുറത്തുവിടാനുണ്ടെന്നാണ് മദന്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Day after accusing TN BJP leader KT Raghavan of sexual harassment, YouTuber thrown out of party

Latest Stories

We use cookies to give you the best possible experience. Learn more