| Thursday, 5th January 2017, 10:32 am

ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടിയെന്ന വ്യാജ വാര്‍ത്തയുടെ 'ക്രഡിറ്റും' മോദിക്ക് നല്‍കി ബി.ജെ.പി: മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാമിന്റെ യു.എ.ഇയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം പോലും ഇല്ലെന്നിരിക്കെ സംഭവത്തില്‍ മോദിക്ക് ക്രഡിറ്റ് നല്‍കി ബി.ജെ.പിയുടെ ട്വീറ്റ്.

സ്വത്തുവകകള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമോ വിദേശകാര്യമന്ത്രാലയമോ ഒൗദ്യോഗികമായി സ്ഥിരീകരിക്കാതിരുന്നിട്ടുപോലും സംഭവത്തില്‍ മോദിക്ക് ക്രഡിറ്റ് കൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.

മോദിയുടെ അറ്റകൈ പ്രയോഗമാണ് ഇതിന് പിന്നിലെന്നും ഇത് മോദിയുടെ നയതന്ത്ര വിജയമാണെന്നുമാണ് ബി.ജെ.പി ട്വീറ്റില്‍ പറയുന്നത്.

ഇന്ത്യ യു.എ.ഇ സര്‍ക്കാരിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.


2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ ദാവൂദിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പട്ടിക കൈമാറിയിരുന്നെന്നും ക്രിമിനല്‍ നടപടികളും രാജ്യവിരുദ്ധ നടപടികളും തുടരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് യു.എ.ഇ സര്‍ക്കാരിനോട് മോദി ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍.

സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ദേശീയ മാധ്യമങ്ങള്‍ക്കു പിന്നാലെ മലയാള മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിരുന്നു.

എന്നാല്‍ നോട്ടു നിരോധനത്തില്‍ ജനങ്ങളുടെ  പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കള്ളപ്പണത്തിനു മേല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തായാണിതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരണം നല്‍കാത്തതും ഇത് വ്യാജ വാര്‍ത്തയാണെന്നതിന്റെ ആക്കം കൂട്ടി.

ദാവൂദിന്റെ സ്വത്തുവകകളില്‍ വലിയൊരു ഭാഗം ദുബായിലാണ്. ഇന്ത്യ യു.എ.ഇയ്ക്ക് നല്‍കിയ പട്ടിക പ്രകാരം ദാവൂദിന് 15,000 കോടിയുടെ സ്വത്ത് യു.എ.ഇയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

ദാവൂദ് ഇപ്പോള്‍ പാകിസ്താനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. മുംബൈ സ്ഫോടനത്തില്‍ ദാവൂദിനുള്ള പങ്കും പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുമായുള്ള ബന്ധവും വ്യക്തമായതിനെ തുടര്‍ന്ന് ഇന്ത്യ ദാവൂദിനെ പിടികൂടാന്‍ രണ്ട് പതിറ്റാണ്ടായി ശ്രമം നടത്തിവരികയാണ്.

We use cookies to give you the best possible experience. Learn more