മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയെ പൊലീസ് അറസ്റ്റു ചെയ്തു. പിടിയിലായ ഫറൂഖ് തക്ലയെ ദുബായില്‍ നിന്നും മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.
1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളാണ് ഫറൂഖ് തക്ല. സ്ഫോടനത്തിനു ശേഷം ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 1995ല്‍ തക്ലക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഫറൂഖ് തക്ല ദുബായിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ദുബായ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.
ദുബായ് പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടാനായി ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഫറൂഖ് തക്ലയുടെ അറസ്റ്റ്. ഗൂഢാലോചന, കൊലപാതകം, വധശ്രമം എന്നിവയടക്കം നിരവധി വകുപ്പുകളാണ് തക്ലക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ ചോദ്യംചെയ്യലിനായി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു.
പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചില ഉപാധികളോടെ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകന്‍ ശ്യാം കെസ്വാനി ബുധനാഴ്ച അറിയിച്ചിട്ടുണ്ട്.