ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ദല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളിയും ദാവൂദിന്റെ അടുത്ത അനുനായിയുമായ നീരജ് ബവാനയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണു റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തിഹാര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കി.
ബവാനയുടെ അനുയായി മദ്യപാന സദസ്സിനിടെ അബദ്ധത്തില്‍ വിവരം പുറത്തുവിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ കാണാനെത്തിയ വ്യക്തിയോടു ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ചു പറഞ്ഞതായും വിവരമുണ്ട്. തിഹാര്‍ ജയിലില്‍ തന്നെയാണു ബവാനയും കഴിയുന്നത്. മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ മറ്റൊരു സെല്ലിലേക്കു മാറ്റി.
ബവാനയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. 1993 ലെ സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ ദാവൂദാണെന്ന് തിരിച്ചറിഞ്ഞതോടെയാണു ഇരുവരും തമ്മില്‍ തെറ്റിയത്. ആ സമയത്ത് ഛോട്ടാ രാജനായിരുന്നു മുംബൈ അധോലോകം നിയന്ത്രിച്ചിരുന്നത്.
2000 സെപ്റ്റംബറില്‍ ബാങ്കോക്കില്‍ ദാവൂദിന്റെ സംഘത്തിന്റെ വെടിയേറ്റു പരുക്കേറ്റെങ്കിലും രാജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 2001ല്‍ ദാവൂദിന്റെ കൂട്ടാളിയായ ശരദ് ഷെട്ടിയെ ദുബായില്‍ കൊലപ്പെടുത്തി ഛോട്ടാ രാജന്‍ പ്രതികാരം ചെയ്തു. 1520 കൊലപാതകക്കേസുകളാണു ഛോട്ടാ രാജനെതിരെയുള്ളത്.
ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടച്ചത്. രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തിഹാറില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ബവാനയ്ക്കു രാജനെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.