അനിവാര്യമായ പടിയിറക്കം; ക്രിക്കറ്റിനോട് വിട ചൊല്ലി മുന്‍ വേള്‍ഡ് നമ്പര്‍ വണ്‍ ബാറ്റര്‍, തേങ്ങി ആരാധകര്‍
Sports News
അനിവാര്യമായ പടിയിറക്കം; ക്രിക്കറ്റിനോട് വിട ചൊല്ലി മുന്‍ വേള്‍ഡ് നമ്പര്‍ വണ്‍ ബാറ്റര്‍, തേങ്ങി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 3:10 pm

അന്താരാഷട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് മലന്‍. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും ആയിരത്തിലധികം റണ്‍സ് നേടിയ താരമാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. ഇംഗ്ലണ്ട് പ്രൊഡ്യൂസ് ചെയ്ത മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളായ മലന്‍ ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചില്ല. ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരെ നടന്ന വൈറ്റ് ബോള്‍ പരമ്പരയിലും ഡേവിഡ് മലന്‍ ടീമിന് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് മലന്‍ പടിയിറക്കം പ്രഖ്യാപിച്ചത്.

ഇംഗ്ലീഷ് ദിനപത്രം ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും ത്രീ ലയണ്‍സിനായി ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റ് എല്ലായ്‌പ്പോഴും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ചിലപ്പോഴെല്ലാം ഞാന്‍ മികച്ച രീതിയില്‍ കളിച്ചു. എന്നാല്‍ മിക്ക അവസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഇതില്‍ എനിക്ക് ഏറെ നിരാശയുണ്ടായിരുന്നു. എനിക്ക് ഇതിലും നന്നായി കളിക്കാന്‍ സാധിക്കുമെന്നും, ഞാന്‍ ഇതിലും മികച്ച ക്രിക്കറ്ററാണെന്ന് പോലും എനിക്ക് തോന്നിയിരുന്നു,’മലന്‍ പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റുകളെയും വളരെ ഗൗരവമായി തന്നെയാണ് ഞാന്‍ പരിഗണിച്ചത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ തീവ്രത മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ടെസ്റ്റിനായി ഞാന്‍ കഠിനമായി തന്നെ പ്രാക്ടീസ് ചെയ്തിരുന്നു. എന്നിട്ടും എന്നെ സംബന്ധിച്ച് ടെസ്റ്റ് ഫോര്‍മാറ്റ് ദുര്‍ഘടമായിരുന്നു.

അതുമായി ചേര്‍ന്നുപോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഇതെന്നെ മാനസികമായി തളര്‍ത്തുന്നത് ഞാന്‍ മനസിലാക്കി. പ്രത്യേകിച്ചും ഞാന്‍ കളിച്ച ലോങ് ഇന്നിങ്‌സുകളില്‍ എന്റെ പ്രകടനം മോശമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ലാണ് മലന്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ബാറ്റേന്തിയാണ് മിഡില്‍സെക്‌സ് താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ആ പര്യടനത്തില്‍ തന്നെ ഏകദിന ടീമിലേക്കും മലന്‍ തെരഞ്ഞെടുക്കപ്പെട്ടു.

2019ല്‍ അയര്‍ലന്‍ഡിനെതിരെ ടെസ്റ്റിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

 

ഇംഗ്ലണ്ടിനായി കളിച്ച 60 ടി-20 ഇന്നിങ്‌സില്‍ നിന്നും 36.38 ശരാശരിയിലും 132.49 സ്‌ട്രൈക്ക് റേറ്റിലും 1892 റണ്‍സാണ് മലന്‍ നേടിയത്. ഒരു സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും കുട്ടി ക്രിക്കറ്റില്‍ അദ്ദേഹം സ്വന്തമാക്കി.

22 ടെസ്റ്റില്‍ 27.53 ശരാശരിയില്‍ 1074 റണ്‍സടിച്ച മലന്‍ 30 ഏകദിന മത്സരത്തില്‍ നിന്നും 55.76 ശരാശരിയില്‍ 1450 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

 

 

Content highlight: Dawid Malan announces retirement from international cricket