| Friday, 19th June 2020, 7:06 pm

ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ മുന്‍ ഡി.എസ്.പി ദവീന്ദര്‍ സിംഗിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ മുന്‍ ഡി.എസ്.പി ദവീന്ദര്‍ സിംഗിന് ജാമ്യം. നിശ്ചിത സമയപരിധിക്കുള്ളില്‍ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് സിംഗിന് കോടതി ജാമ്യം അനുവദിച്ചത്.

90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദവീന്ദര്‍ സിംഗ് ജാമ്യാപേക്ഷ നല്‍കി. സിംഗിനൊപ്പം മറ്റൊരു കുറ്റാരോപിതനായ ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നയാള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കേസ് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ ഷോപിയാന്‍ ജില്ലയിലെ കമാന്‍ഡര്‍ മുഷ്താഖും മറ്റു ഭീകരരും ചേര്‍ന്ന് ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് ദവീന്ദര്‍ സിംഗ് ശ്രീനഗര്‍ – ജമ്മു ഹൈവേയില്‍നിന്ന് കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലാകുന്നത്. ഇതേത്തുടര്‍ന്ന് സിംഗിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡു ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more