| Wednesday, 20th March 2024, 10:07 pm

ലഖ്നൗവിന് കനത്ത തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്; രാഹുലും കൂട്ടരും സമ്മര്‍ദത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ മാര്‍ച്ച് 22ന് മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക.

ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് ഐ.പി.എല്ലില്‍ നിന്നും പുറത്താവുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ സീസണില്‍ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് ലഖ്‌നൗ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകള്‍ ആയി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയായിരുന്നു ഡേവിഡ് വില്ലി കളിച്ചിരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങളില്‍ നിന്നും ആറ് വിക്കറ്റുകളാണ് ഇംഗ്ലീഷ് താരം നേടിയിട്ടുള്ളത്. 7.55 എക്കോണമിയാണ് താരത്തിനുള്ളത്.

അടുത്തിടെ കഴിഞ്ഞ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ റണ്ണേഴ്‌സ് അപ്പായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമംഗമായിരുന്നു വില്ലി. പി.എസ്.എല്‍ ഫൈനലിസ്റ്റുകള്‍ക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് വില്ലി നേടിയത്. 2024 പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ നാലാം സ്ഥാനം വില്ലിക്കായിരുന്നു.

ഡേവിഡ് ബില്ലിയുടെ അഭാവത്തെക്കുറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പ്രതികരിച്ചു.

‘ഡേവിഡ് ബില്ലി ഈ സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ല. ഇതോടെ ഞങ്ങളുടെ ടീമില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ കുറവാകും. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പരിശീലനത്തില്‍ ഞങ്ങള്‍ കണ്ടത് മികച്ച താരങ്ങളുടെ ഒരു ടീം തന്നെയാണ് ഞങ്ങളുടേത് എന്നാണ്. ഞങ്ങളുടെ ചില താരങ്ങള്‍ക്ക് പരിക്കുപറ്റിയിരുന്നു എന്നാല്‍ അവരെല്ലാം ഇപ്പോള്‍ ഫിറ്റാണെന്ന് കരുതുന്നു,’ ലാംഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മാര്‍ച്ച് 24ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ ആദ്യമത്സരം. ജയ്പൂരിലെ സവാരി മാനസിങ് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: David willy miss IP 2024

We use cookies to give you the best possible experience. Learn more