| Wednesday, 29th March 2023, 6:45 pm

മൂന്ന് മാസം, മൂന്ന് ടൂര്‍ണമെന്റ്, മൂന്ന് കപ്പ്!! ഐ.പി.എല്ലിലും ഇവന്റെ ടീം കപ്പടിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷാപൂര്‍വം നോക്കിയിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് വീസിയെ ആണ്. മറ്റ് ടൂര്‍ണമെന്റുകളിലേതെന്ന പോലെ താരം കൊല്‍ക്കത്തയുടെ ലക്കി ചാം ആകുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതിന് കാരണവുമുണ്ട്. ഈയടുത്ത് കളിച്ച മൂന്ന് ടൂര്‍ണമെന്റിലും കപ്പടിച്ചത് വീസി അംഗമായ ടീം തന്നെയാണ്.

അബുദാബി ടി-10 ലീഗിലാണ് താരത്തിന്റെ ആദ്യ കിരീടനേട്ടം പിറന്നത്. ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടിയായിരുന്നു താരം കളത്തിലിറങ്ങിയത്.

2022 ഡിസംബര്‍ നാലിന് നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ് കപ്പടിച്ചത്. ഡേവിഡ് വീസിയുടെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ഗ്ലാഡിയേറ്റേഴ്‌സിനെ കിരീടം ചൂടിച്ചത്.

18 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സ് നേടിയ വീസിയുടെ കരുത്തില്‍ ഗ്ലാഡിയേറ്റേഴ്‌സ് പത്ത് ഓവറില്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിന് നിശ്ചിത ഓവറില്‍ 91 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം രണ്ട് ക്യാച്ചും കൈപ്പിടിയിലൊതുക്കിയ വീസി തന്നെയായിരുന്നു ഫൈനലിന്റെ താരവും.

തുടര്‍ന്ന് ഫെബ്രുവരിയിലാണ് താരം രണ്ടാം കിരീടം നേടുന്നത്. ഐ.പി.എല്ലിന്റെ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍.ടി-20യിലായിരുന്നു വീസിയുടെ അടുത്ത ടൈറ്റില്‍ വിന്‍ പിറന്നത്.

ദുബായില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ കോളിന്‍ മണ്‍റോയുടെ ഡെസേര്‍ട്ട് വൈപ്പേഴ്‌സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ ഗള്‍ഫ് ജയന്റ്‌സിന്റെ താരമായിരുന്നു വീസി.

ഫൈനലില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും കലാശപ്പോരാട്ടം വരെയുള്ള ജയന്റ്‌സിന്റെ യാത്രയില്‍ നിര്‍ണായക പങ്കായിരുന്നു വീസി വഹിച്ചത്.

മാര്‍ച്ച് 18നാണ് ഇക്കൂട്ടത്തിലെ താരത്തിന്റെ അവസാന കിരീട നേട്ടം പിറന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ ഒറ്റ റണ്‍സിന് തോല്‍പിച്ച് ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്തേഴ്‌സ് കപ്പുയര്‍ത്തിയപ്പോള്‍ വീസിയും ടീമിന്റെ ഭാഗമായിരുന്നു.

ബാറ്റിങ്ങില്‍ രണ്ട് പന്ത് നേരിട്ട വീസി രണ്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു. ബൗളിങ്ങിലാകട്ടെ നാല് ഓവര്‍ പന്തെറിഞ്ഞ് 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ഒറ്റ വിക്കറ്റ് മാത്രമേ വീഴ്ത്തിയുള്ളൂ എങ്കിലും ലാഹോറിന്റെ കിരീടനേട്ടത്തില്‍ ആ വിക്കറ്റ് നേട്ടം വഹിച്ച പങ്ക് ചെറുതല്ല. 12 പന്ത് നേരിട്ട് 25 റണ്‍സുമായി കളം നിറഞ്ഞാടിയ അപകടകാരിയായ കുഷ്ദില്‍ ഷായെയാണ് വീസി മടക്കിയത്.

അബുദാബി ടി-20 ലീഗിനും, ഐ.എല്‍.ടി-20ക്കും പി.എസ്.എല്ലിനും ശേഷം താരം ഇപ്പോള്‍ ഐ.പി.എല്ലില്‍ കളിക്കാനെത്തിയിരിക്കുകയാണ്. ഗ്ലാഡിയേറ്റേഴ്‌സിനെയും ജയന്റ്‌സിനെയും ഖലന്തേഴ്‌സിനയും കപ്പടിപ്പിച്ച വീസി നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ആ നേട്ടം ആവര്‍ത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Content Highlight: David Wiese’s incredible title victories

We use cookies to give you the best possible experience. Learn more