| Sunday, 16th June 2024, 2:50 pm

ലോകകപ്പിൽ നിന്നും പുറത്തായി, ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച്‌ കോഹ്‌ലിയുടെ പഴയ വലംകൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും നമീബിയന്‍ സൂപ്പർ താരം ഡേവിഡ് വീസ് വിരമിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നമീബിയ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

മത്സരം മഴമൂലം 10 ഓവറാക്കി ചുരുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ഇതിനു പിന്നാലെയാണ് ഡേവിഡ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സര ശേഷമുള്ള പത്രസമ്മേളനത്തിലാണ് താരം തന്റെ വിരമിക്കലിനെ കുറിച്ച് പറഞ്ഞത്.

‘അടുത്ത ടി-20 ലോകകപ്പിന് ഇനിയും രണ്ടു വര്‍ഷങ്ങള്‍ ഉണ്ട് എനിക്കിപ്പോള്‍ 39 വയസായി അതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇനി എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ കൂടുതല്‍ ഒന്നുമറിയില്ല. ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ടീമിനുവേണ്ടി ഒരുപാട് സംഭാവനകള്‍ ഇനിയും ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നുണ്ട്.

എന്നാല്‍ നമീബിയെക്കൊപ്പം വ്യക്തിപരമായി എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയം വേറെ ഇല്ലെന്ന് എനിക്ക് തോന്നുന്നു. നമീബിയെക്കൊപ്പം ഒരുപാട് മികച്ച നിമിഷങ്ങള്‍ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ലോകകപ്പിന്റെ വേദിയില്‍ ഇംഗ്ലണ്ടിനെ പോലെയുള്ള ഒരു മികച്ച ടീമിനെതിരെ അവസാന മത്സരം കളിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ ഡേവിഡ് വീസ് പറഞ്ഞു.

ഡേവിഡ് വീസ് സൗത്ത് ആഫ്രിക്കക്ക് വേണ്ടിയും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടി-20യില്‍ 54 മത്സരങ്ങളില്‍ നിന്നും 624 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. 7.19 എക്കണോമിയില്‍ 59 വിക്കറ്റുകള്‍ നേടാനും വീസിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് സീസണുകളില്‍ ഡേവിഡ് വീസ് കളിച്ചിട്ടുണ്ട്. 2015, 2016, 2013 സീസണുകള്‍ ആയിരുന്നു നമിബിയന്‍ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചത്. ഐ.പി.എല്ലില്‍ 18 മത്സരങ്ങളില്‍ നിന്നും 146.50 സ്‌ട്രൈക്ക് റേറ്റിലും 29.60 ആവറേജിലും 148 റണ്‍സാണ് ഡേവിഡ് നേടിയിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു ഡേവിഡ്.

Content Highlight: David Wiese Retire From International Cricket

We use cookies to give you the best possible experience. Learn more