ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ നമീബിയക്ക് ആവേശകരമായ വിജയം. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് ഒമാനെ നമീബിയ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടാനാണ് സാധിച്ചത്. ഒടുവില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
Fell Short by a whisker! 😬🙆♂️
Namibia 🇳🇦 edge past Oman 🇴🇲 in the Super Over of our 1st match of the @t20worldcup!
മത്സരത്തില്‍ നമീബിയന്‍ താരം ഡേവിഡ് വീസിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളം നിറഞ്ഞു കളിക്കുകയായിരുന്നു ഡേവിഡ് വീസ്.
മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ നമീബയ്ക്ക് വേണ്ടി ബാറ്റ് ചെയ്തതും ബോള്‍ ചെയ്തതും വീസ് ആയിരുന്നു. സൂപ്പര്‍ ഓവറില്‍ നമീബിയ നേടിയ 21 റണ്‍സില്‍ 13 റണ്‍സും നേടിയത് ഡേവിഡ് ആയിരുന്നു.
325 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫോറും ഒരു സിക്‌സ് ഉള്‍പ്പെടെയുള്ളതായിരുന്നു സൂപ്പര്‍ ഓവറിലെ വീസിന്റെ തകര്‍പ്പന്‍ പ്രകടനം. മറുഭാഗത്ത് ക്യാപ്റ്റന്‍ ജെര്‍ഹാള്‍ഡ് ഇറാസ്മസ് രണ്ട് പന്തില്‍ രണ്ട് ഫോറുകള്‍ വീതം എട്ട് റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
സൂപ്പര്‍ ഓവറില്‍ ബൗള്‍ ചെയ്യാന്‍ എത്തിയും ഡേവിഡ് വീസ് ആരാധകരെ ഞെട്ടിച്ചു. ഒമാന്‍ വിക്കറ്റ് കീപ്പര്‍ നസീം ഖുഷിയെ ക്ലീന്‍ ബൗള്‍ഡ് ആക്കി കൊണ്ട് വെറും 10 റണ്‍സ് മാത്രമാണ് ഡേവിഡ് സൂപ്പര്‍ ഓവറില്‍ വിട്ടു നല്‍കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് സീസണുകളില്‍ ഡേവിഡ് വീസ് കളിച്ചിട്ടുണ്ട്. 2015, 2016, 2013 സീസണുകള്‍ ആയിരുന്നു നമിബിയന്‍ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചത്.
ഐ.പി.എല്ലില്‍ 18 മത്സരങ്ങളില്‍ നിന്നും 146.50 സ്‌ട്രൈക്ക് റേറ്റിലും 29.60 ആവറേജിലും 148 റണ്‍സാണ് ഡേവിഡ് നേടിയിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു ഡേവിഡ്.
മത്സരത്തില്‍ നമിബിയയുടെ അവസാന ഓവര്‍ എറിഞ്ഞതും ഡേവിഡ് വീസ് ആയിരുന്നു. ഒമാനെതിരെ 3.4 ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ഡേവിഡ് നേടിയത്. റൂബന്‍ ട്രമ്പല്‍മാന്‍ നാല് വിക്കറ്റും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ട് വിക്കറ്റും ബര്‍ണാഡ് സ്‌കോട്‌സ് ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
നമീബിയയുടെ ബാറ്റിങ്ങിലെ അവസാന ഓവറിലും ഡേവിഡ് തന്നെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എട്ട് പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ ഒമ്പത് റണ്‍സാണ് താരം നേടിയത്.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നമീബിയ. ജൂണ്‍ ഏഴിന് സ്‌കോട് ലാന്‍ഡിനെതിരെയാണ് നമീബിയയുടെ അടുത്ത മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയമാണ് വേദി.
Content Highlight: David Wiese great performance against Oman in T20 World cup