| Saturday, 26th February 2022, 9:32 am

പോവുന്നത് പാകിസ്ഥാനിലേക്കാണ്, പോയി വരാം എന്നല്ലാതെ എന്താണിപ്പോള്‍ പറയുക; കുറിപ്പുമായി ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിന് മുന്‍പ് വികാരനിര്‍ഭരമായ കുറിപ്പുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍.

1988ന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനം എന്ന നിലയില്‍ ഏറെ ആവേശത്തോടെയാണ് ഇരു ടീമിന്റെയും ആരാധകര്‍ ഓസീസ് ടൂറിനെ നോക്കിക്കാണുന്നത്.

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി-20 മത്സരവുമാണ് ഓസീസിന്റെ പാക് പര്യടനത്തിലുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആഷസില്‍ 4-0ന്റെ ആധികാരിക വിജയം നേടിയതിന് പിന്നാലെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമായി മാറിയിരിക്കുകയാണ് കങ്കാരുക്കള്‍. ആഷസിലെ ടീമിന്റെ കരുത്തായി മാറിയ ഡേവിഡ് വാര്‍ണറില്‍ തന്നെയാണ് ഓസീസ് ആരാധകരുടെ കണ്ണ്.

എന്നാലിപ്പോള്‍ പാക് പര്യടനത്തിന് മുന്‍പായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായി കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മക്കള്‍ക്കും ഭാര്യ കാന്‍ഡിസിനുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്.

‘നിങ്ങളോട് വിട പറയാന്‍ എനിക്കെപ്പോഴും ബുദ്ധിമുട്ടാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി ഒന്നിക്കാനായി കുറച്ചുനാള്‍ ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഉടന്‍ മടങ്ങിയെത്താം. നിങ്ങളെയെല്ലാം ഒരുപാട് മിസ് ചെയ്യും’ വാര്‍ണര്‍ കുറിച്ചു.

നിരവധിയാളുകളാണ് പോസ്റ്റിന് പിന്നാലെ കമന്റുമായെത്തുന്നത്. ‘നീ വീണ്ടും കളിക്കുന്നത് കാണാന്‍ ഞങ്ങള്‍ അക്ഷമരായിരിക്കുകയാണ്. വീ മിസ് യു ആന്‍ഡ് ലവ് യു’ എന്നായിരുന്നു വാര്‍ണറിന്റെ ഭാര്യ കമന്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ സ്ഥിരസാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും റീല്‍സും പങ്കുവെക്കാറുണ്ടെങ്കിലും പര്യടനത്തിന് മുന്‍പ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ അധികം പങ്കുവെക്കാറില്ല.

ഓസീസിന്റെ പാകിസ്ഥാന്‍ പര്യടനത്തിന് ശേഷം ഐ.പി.എല്ലും വരാനിരിക്കുകയാണ്. 6.25 കോടി രൂപയ്ക്കാണ് ദല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കിയത്.

നേരത്തെ ഏപ്രില്‍ 2ന് നിശ്ചയിച്ചിരുന്ന ഐ.പി.എല്‍ മാര്‍ച്ച് 26 മുതല്‍ നടക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇതുകൊണ്ടുതന്നെ വാര്‍ണര്‍ അടക്കമുള്ള ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ ചില മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് കരുതുന്നത്. ഏപ്രില്‍ 6 മുതല്‍ ഓസീസ് താരങ്ങള്‍ ഐ.പി.എല്ലിനുണ്ടാവുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

Content highlight: David Warner with a emotional note before Pakistan Tour
We use cookies to give you the best possible experience. Learn more