| Sunday, 1st January 2023, 1:24 pm

ഇന്ത്യക്കാരുടെ മുന്നില്‍ വെച്ച് ഇന്ത്യയെ തോല്‍പിക്കണം, എന്നിട്ട് വേണം വിരമിക്കാന്‍; പോര്‍മുഖം തുറന്ന് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ഇന്ത്യയെയും ഇംഗ്ലണ്ടിനെയും അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് പരാജയപ്പെടുത്തണമെന്ന് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരമേറ്റുമുട്ടുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര അടുത്തുവരുന്ന ഘട്ടത്തില്‍ കൂടിയാണ് വാര്‍ണറിന്റെ പരാമര്‍ശം.

ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരകളില്‍ തുടര്‍ച്ചയായ പരാജയമായിരുന്നു ഓസ്‌ട്രേലിയക്ക് നേരിടേണ്ടി വന്നത്.

നിലവില്‍ മികച്ച ഫോമിലാണ് ഓസ്‌ട്രേലിയ. ഇതിനോടകം തന്നെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച കങ്കാരുക്കള്‍ പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഏറെ നാളുകളായി ഫോം ഔട്ടിന്റെ പിടിയിലകപ്പെട്ട ഡേവിഡ് വാര്‍ണര്‍ ഇരട്ട സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങി.ത്തെിയതും ഓസീസിന് ഗുണകരമാണ്.

ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വാര്‍ണര്‍ എവേ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിക്കണമെന്ന് പറഞ്ഞത്.

‘ഞങ്ങള്‍ ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് തോല്‍പിച്ചിട്ടില്ല. അങ്ങനെ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് വളരെ മികച്ചതായിരിക്കും. ഒപ്പം ഇംഗ്ലണ്ടിനെയും, 2019ല്‍ ഞങ്ങള്‍ക്ക് ഒരു പരമ്പര സമനിലയിലാക്കാന്‍ സാധിച്ചു.

ഇന്ത്യയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പരകള്‍ ജയിക്കണം. ഈ രണ്ട് ടീമുകള്‍ക്കെതിരെയും ഞാന്‍ കളിക്കണമെന്നും കോച്ചും ടീമും ആഗ്രഹിക്കുന്നുണ്ട്. വിരമിക്കും മുമ്പ് ഇവര്‍ക്കെതിരെ ജയിക്കണം,’ വാര്‍ണര്‍ പറഞ്ഞു.

നാല് മത്സരങ്ങളാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഫെബ്രുവരി ഒമ്പതിന് നാഗ്പൂരില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഫെബ്രുവരി 17ന് ദല്‍ഹിയിലും മാര്‍ച്ച് ഒന്നിന് നടക്കുന്ന മൂന്നാം ടെസ്റ്റ് ധര്‍മശാലയിലും നടക്കും. മാര്‍ച്ച് ഒമ്പതിന് അഹമ്മദാബാദില്‍ വെച്ചാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഡബ്ല്യൂ.ടി.സിയുടെ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇതിനോടകം തന്നെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ 58.93 എന്ന വിജയ ശതമാനവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് ജയവും ഒരു സമനിലയും ആണെങ്കിലും, മൂന്ന് ജയവും ഒരു തോല്‍വിയുമാണ് പരമ്പരയുടെ റിസള്‍ട്ട് എങ്കിലും കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി വരും.

ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 78.57 എന്ന വിജയ ശതമാനമാണുള്ളത്.

ഇന്ത്യക്ക് പുറമെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയും നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയുമാണ് ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകള്‍.

53.33 എന്ന വിജയ ശതമാനത്തോടെ 64 പോയിന്റുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 50 ശതമാനം വിജയമാണ് നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കുള്ളത്.

Content Highlight: David Warner wants to beat India in India

We use cookies to give you the best possible experience. Learn more