ഫ്രീ ഹിറ്റില്‍ റണ്‍സ് നേടാതിരിക്കാന്‍ പുത്തന്‍ വഴികള്‍; വിമര്‍ശനമേറ്റുവാങ്ങി ദല്‍ഹി നായകന്‍; വീഡിയോ
IPL
ഫ്രീ ഹിറ്റില്‍ റണ്‍സ് നേടാതിരിക്കാന്‍ പുത്തന്‍ വഴികള്‍; വിമര്‍ശനമേറ്റുവാങ്ങി ദല്‍ഹി നായകന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th April 2023, 10:57 pm

ഐ.പി.എല്‍ 2023ന്റെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ക്യാപ്പിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ നേടിയിരുന്നു.

മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹിക്ക് അനുകൂലമായി ലഭിച്ച ഫ്രീ ഹിറ്റ് ഡെലിവെറിയില്‍ ഡേവിഡ് വാര്‍ണര്‍ റൈറ്റ് ഹാന്‍ഡിലേക്ക് മാറി ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഇടംകയ്യനായ വാര്‍ണര്‍ ഫ്രീ ഹിറ്റ് നേരിടാന്‍ വലം കയ്യിലേക്ക് മാറുകയായിരുന്നു. എന്നാല്‍ വാര്‍ണറിന്റെ ഈ പ്ലാന്‍ പൂര്‍ണമായും തിരിച്ചടിച്ചു. വാര്‍ണര്‍ അടിച്ച ഷോട്ട് 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ തന്നെ വീഴുകയായിരുന്നു.

റണ്‍സ് നേടാന്‍ മികച്ച അവസരമുണ്ടായിട്ടും പരീക്ഷണത്തിന് മുതിര്‍ന്നതിന് പിന്നാലെ ഡേവിഡ് വാര്‍ണറിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

പ്രാക്ടീസ് സെഷനിലും നെറ്റ്‌സിലുമെല്ലാം ഡേവിഡ് വാര്‍ണര്‍ ഇത്തരത്തില്‍ വലംകയ്യിലേക്ക് മാറി ഷോട്ട് കളിക്കാറുണ്ട്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും താരം വലം കയ്യിലേക്ക് മാറി ഷോട്ട് കളിച്ചിരുന്നു.

അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സ് മികച്ച നിലയിലാണ്. നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 121ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. 37 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ രോഹിത് ശര്‍മയും 21 പന്തില്‍ നിന്നും 24 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

26 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

നേരത്തെ, അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലുമാണ് ക്യാപ്പിറ്റല്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

25 പന്തില്‍ നിന്നും അഞ്ച് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ അക്‌സര്‍ 55 റണ്‍സ് നേടിയപ്പോള്‍ വാര്‍ണര്‍ 47 പന്തില്‍ നിന്നും 51 റണ്‍സ് നേടി.

 

Content Highlight: David Warner turns right-handed for free hit delivery