| Saturday, 21st October 2023, 3:31 pm

വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ മിന്നും ഫോം, എല്ലാ ക്രെഡിറ്റും സൺറൈസേഴ്‌സ് ഹൈദരാബാദിന്; ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 62 റണ്‍സിന് ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ 163 റണ്‍സ് നേടിക്കൊണ്ട് അവിസ്മരണീയമായ ഇന്നിങ്സാണ് വാര്‍ണര്‍ കാഴ്ചവെച്ചത്.

ഇപ്പോഴിതാ താന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വാര്‍ണര്‍.

ഐ.പി.എല്ലിലെ മികച്ച അനുഭവസമ്പത്തുംസൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുണ്ടായിരുന്ന സമയങ്ങളില്‍ ലഭിച്ച പരിചയസമ്പത്തുമാണ് ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ സഹായകമായതെന്നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ പറഞ്ഞത്.

‘എന്റെ കളി മാറ്റാന്‍ ഞാന്‍ പഠിച്ചു. പ്രത്യേകിച്ച് ടി-20 ക്രിക്കറ്റിലും ഐ.പി.എല്ലിലും സണ്‍റൈസസ് ഹൈദരാബാദിനൊപ്പം കളിച്ചപ്പോള്‍ എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ വളരെ വലുതാണ്. എനിക്ക് മത്സരങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനും മത്സരത്തില്‍ കൂടുതല്‍ സമയം കണ്ടെത്താനും എനിക്ക് കഴിഞ്ഞു. ഇതിലൂടെ ഗെയിമിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടുതല്‍ സമയമെടുത്താല്‍ വലിയ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും,’ വാര്‍ണര്‍ ഐ.സി.സി ക്രിക്കറ്റ് ഡോട്ട്‌കോമിനോട് പറഞ്ഞു.

‘ഈ സമീപനമാണ് ഞാന്‍ പാകിസ്ഥാനെതിരെ പുറത്തെടുത്തത്. മത്സരത്തില്‍ ഞാന്‍ 35 ഓവര്‍ എത്താന്‍ ലക്ഷ്യമിടും. എന്നാല്‍ ഞാന്‍ കളിയുടെ വേഗത കൂട്ടാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് എപ്പോഴും എന്റെ മുന്നില്‍ കൂടുതല്‍ സമയമുണ്ടെന്ന് ഞാന്‍ ചിന്തിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പമാണ് വാര്‍ണര്‍ തന്റെ യാത്ര തുടങ്ങിയത്. പിന്നീട് 2014 മുതല്‍ 2021 വരെ വാര്‍ണര്‍ ഹൈദരാബാദിനൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 2016ല്‍ ഹൈദരാബാദിനെ കീരീടത്തിലേക്ക് നയിക്കാനും വര്‍ണറിന് സാധിച്ചിരുന്നു. 41.53 ശരാശരിയില്‍ 6397 റണ്‍സാണ് ഐ.പി.എല്ലില്‍ വാര്‍ണര്‍ അടിച്ചെടുത്തത്. 139.91 പ്രഹരശേഷിയില്‍ ബാറ്റ് വീശുന്ന വാര്‍ണര്‍ ഐ.പി.എല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയക്കായി ലോകകപ്പിലും മിന്നും ഫോമിലാണ് വാര്‍ണര്‍. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയ പിന്നീടുള്ള രണ്ട് കളികളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു. ഇത് ഒരുപക്ഷെ ഡേവിഡ് വാര്‍ണറിന്റെ അവസാന ലോകകപ്പ് ആയേക്കാം. അതുകൊണ്ട്തന്നെ കിരീടം നേടിക്കൊണ്ട് അവിസ്മരണീയ വിടവാങ്ങല്‍ ആയിരിക്കും വാര്‍ണര്‍ ആഗ്രഹിക്കുക.

Content Highlight: David Warner talks the all credits of his performance is IPL and Sunrisers Hyderabad.

We use cookies to give you the best possible experience. Learn more