ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ടി-20 ലോകകപ്പിന് ജൂണ്‍ രണ്ട് മുതല്‍ തുടക്കം കുറിക്കുകയാണ്. അമേരിക്കയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ലോകകപ്പിനോട് അനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ ഇന്നലെ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ പടുകൂറ്റന്‍ വിജയമാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.
ടോസ് നേടിയ ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ടീം നേടിയത്. മറുപടിക്കിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ ഓസീസിന് വേണ്ടി സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിന് 6 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ വിജയരഹസ്യം എന്താണെന്ന് തുറന്നു പറയുകയാണ് സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. പേടിയില്ലാതെ ക്രിക്കറ്റ് കളിക്കുന്നതാണ് തങ്ങളുടെ വിജയം എന്നാണ് താരം സിഡ്ണി മോണിങ് ഹെറാള്‍ഡില്‍ പറഞ്ഞത്.
‘ഞങ്ങള്‍ പേടിയില്ലാതെയാണ് ക്രിക്കറ്റ് കളിക്കുന്നത്, കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ വിജയത്തിന്റെ രഹസ്യവും അതാണെന്ന് ഞാന്‍ കരുതുന്നു. ഒരു ടീമിലെ ഞങ്ങളുടെ സ്‌പോര്‍ട്ടിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. കളിക്കുമ്പോള്‍ ഏറ്റവും മികച്ചത് ചെയ്യാനാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. മത്സരത്തില്‍ വിജയിക്കാന്‍ എന്ത് ശ്രമവും നടത്തും,’ വാര്‍ണര്‍ പറഞ്ഞു.
ടി-20 ലോകകപ്പില്‍ വമ്പന്‍ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്. ആരു മറന്നു കാണില്ല. എന്നാല്‍ ഇതിന് പ്രതികാരം വീട്ടാനുള്ള ഇന്ത്യന്‍ ശ്രമം വിജയം കാണുമെന്നാണ് ഇന്ത്യന്‍ ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: David Warner Talking About Success Behind Australia