ഖവാജ മാത്രമല്ല ടോപ്പ് ഓര്‍ഡര്‍ മുഴുവനും സമ്മര്‍ദത്തിലാണ്; തുറന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
Sports News
ഖവാജ മാത്രമല്ല ടോപ്പ് ഓര്‍ഡര്‍ മുഴുവനും സമ്മര്‍ദത്തിലാണ്; തുറന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2024, 10:08 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെതിരെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഓസീസ് ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളിങ്ങിന് മുമ്പില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ അടക്കമുള്ളവരെ അതിവേഗം പറഞ്ഞയച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു.

ഇതോടെ ഓപ്പണിങ്ങില്‍ നിന്ന് ഖവാജയെ നീക്കണമെന്നും നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ ഓസീസ് ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും വിമര്‍ശനവുമായി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സമ്മര്‍ദത്തെ ചെറുത്ത് നില്‍ക്കണമെന്നും മികവ് പുലര്‍ത്തുന്ന താരത്തിന് പിന്തുണ നല്‍കണമെന്നും വാര്‍ണര്‍ സൂചിപ്പിച്ചു.

ഡേവിഡ് വാര്‍ണര്‍ ഓസീസിന്റെ ടോപ്പ് ഓര്‍ഡര്‍ നിരയെക്കുറിച്ച് സംസാരിച്ചത്

‘ഉസി മാത്രമല്ല ടോപ്പ് ഓര്‍ഡര്‍ മുഴുവനും സമ്മര്‍ദത്തിലാണ്. ആദ്യ ഇന്നിങ്സില്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്തമാണ്. എല്ലാ സമയത്തും അദ്ദേഹത്തിന് റണ്‍സ് നേടാനാകില്ല,

ടോപ് സിക്‌സിക്‌സില്‍ ഉള്ളവര്‍ റണ്‍സ് നേടിയാല്‍ അത് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കും. ഓപ്പണിങ് ഗെയിം വേഗതയേറിയതായിരുന്നു, എന്നാല്‍ അവസാനത്തെ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പിങ്ക് ബോളില്‍ ഏറ്റവും മികച്ചതെന്ന് കാണിച്ചുതന്നു,’ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

Content Highlight: David Warner Talking About Australian Top Order Batters