| Wednesday, 6th July 2022, 3:42 pm

ഓസ്‌ട്രേലിയയില്‍ പറ്റിയില്ലെങ്കില്‍ വേറെ ഏതെങ്കിലും രാജ്യത്ത് ക്യാപ്റ്റനായി കളിക്കും; വാര്‍ണറിന്റെ ക്യാപ്റ്റന്‍സി ബാന്‍ വകവെക്കില്ലെന്ന് താരത്തിന്റെ ഭാര്യ കാന്‍ഡിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ വിശ്വസ്ത ബാറ്ററാണ് വാര്‍ണര്‍.

2018ല്‍ ബൗള്‍ ടാംപറിങ്ങിന്റെ പേരില്‍ നായകന്‍ ആകുന്നതില്‍ നിന്നും വാര്‍ണറിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരുപാട് എതിരാഭിപ്രായങ്ങള്‍ ഓസ്‌ട്രേലിയയുടെ പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. പക്ഷെ ബാന്‍ മാറ്റാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായില്ല.

ഓസ്‌ട്രേലിയയുടെ മുന്‍ വൈസ്‌ക്യാപ്റ്റനായിരുന്ന വാര്‍ണറിന് ബിഗ് ബാഷ് ലീഗിലും ക്യാപ്റ്റന്‍സി വിലക്ക് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ വാര്‍ണറിനെ ഇത് ബാധിക്കില്ലെന്നാണ് ഭാര്യ കാന്‍ഡിസ് പറഞ്ഞത്.

ഡാന്‍, റിച്ചാര്‍ഡ്, എന്നിവരോടൊപ്പമുള്ള ട്രിപ്പിള്‍ എമ്മിന്റെ ‘ഡെഡ്സെറ്റ് ലെജന്‍ഡ്സ്’ എന്ന പ്രോഗ്രാമിലാണ് കാന്‍ഡിസ് ഇത് സംസാരിച്ചത്.

‘അതെ വാര്‍ണറിന്റെ ബാന്‍ എന്നെ അലട്ടുന്നു, എനിക്ക് അനീതി ഇഷ്ടമല്ല, അതിനാല്‍ അത് എന്നെ അലട്ടുന്നു.എന്നാല്‍ ഇത് അവനെ ശരിക്കും ബുദ്ധിമുട്ടിക്കുന്നില്ല, കാരണം അദ്ദേഹത്തിന് യു.എ.ഇയില്‍ പോയി ക്യാപ്റ്റനാകാന്‍ കഴിയും. അദ്ദേഹത്തിന് ഇന്ത്യയില്‍ പോയി ഐ.പി.എല്ലില്‍ ക്യാപ്റ്റനാകാന്‍ കഴിയും. അവിടെ ആളുകള്‍ അവന്റെ ക്രിക്കറ്റ് ബ്രെയിനിനയും അവന്‍ കളിയില്‍ എന്തുകൊണ്ടുവരുന്നു എന്നതിനെയും സ്വീകരിക്കുന്നവരാണ്,’ കാന്‍ഡിസ് പറഞ്ഞു.

വിലക്ക് മാറ്റിയാലും ഇല്ലെങ്കിലും കുടുംബത്തിന് നല്ലത് എന്താണെന്ന് നോക്കി അതിനനുസരിച്ച് നീങ്ങാനാണ് തീരുമാനമെന്നും കാന്‍ഡിസ് പറഞ്ഞു.

‘വിലക്ക് നീക്കിയാലും ഇല്ലെങ്കിലും, അദ്ദേഹം ബിഗ് ബാഷ് കളിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ കുടുംബത്തിന് എന്താണ് നല്ലത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കും. കൂടാതെ, യു.എ.ഇയില്‍ മറ്റൊരു ലീഗ് നടക്കുന്നുണ്ട്, അതിന് സാമ്പത്തികമായി വലിയ രീതിയിലുള്ള ശമ്പളം അദ്ദേഹത്തിന് ലഭിക്കും. ഇത് ഡേവിന്റെ വിലക്ക് നീക്കുന്നത് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന് എന്താണ് നല്ലത് എന്നതിന്റെ കാര്യമാണ്. തനിക്ക് ഇപ്പോള്‍ ഈ വിലക്ക് ഉണ്ടെന്ന സത്യവുമായി ഡേവ് പൊരുത്തപ്പെട്ടു,’ കാന്‍ഡിസ് കൂട്ടിച്ചേര്‍ത്തു.

2018ലായിരുന്നു സാന്‍ഡ്പേപ്പര്‍ ഗേറ്റ് ഇന്‍സിഡന്റ് എന്ന പേരില്‍ കുപ്രസിദ്ധമായ ബോള്‍ ടാംപറിങ് നടന്നത്. വാര്‍ണറിന് പുറമെ കാമറൂണ്‍ വെന്‍ക്രാഫ്റ്റ്, അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു.

Content Highlights: David Warner slams against Australia by saying he will play UAE league instead of BBL

Latest Stories

We use cookies to give you the best possible experience. Learn more