പാകിസ്ഥാനെതിരെ വീണ്ടും തന്റെ മാജിക് പുറത്തെടുത്തിരിക്കുയാണ് ഡേവിഡ് വാര്‍ണര്‍. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 211 പന്തില്‍ 164 റണ്‍സ് നേടിയാണ് ഡേവിഡ് വാര്‍ണര്‍ ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വാര്‍ണറിന്റെ 26ാം സെഞ്ച്വറിയാണിത്. കളി തുടരുന്ന താരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന് പുറകില്‍ രണ്ടാം സ്ഥാനത്തെത്താനും ഇതോടെ വാര്‍ണറിന് സാധിച്ചു. 36 ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്തിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര കരിയറിലെ 49ാം സെഞ്ച്വറി എന്ന നേട്ടവും ഈ ടണ്‍ നേട്ടത്തിലൂടെ വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലെ 26 സെഞ്ച്വറിക്ക് പുറമെ ഏകദിനത്തില്‍ 22 സെഞ്ച്വറിയും ടി-20യില്‍ ഒരു സെഞ്ച്വറിയുമാണ് വാര്‍ണറിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര സെഞ്ച്വറി കണക്കിലെ ആക്ടീവ് താരങ്ങളുടെ പട്ടികയിലും വാര്‍ണര്‍ രണ്ടാമനാണ്. 80 സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനക്കാരന്‍.
എന്നാല്‍ ഒരു ഐതിഹാസിക റെക്കോഡില്‍ ദി ബുള്‍ എന്ന് വിളിപ്പേരുള്ള വാര്‍ണര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സച്ചിനെയും ജയസൂര്യയെയും ക്രിസ് ഗെയ്‌ലിനെയും അടക്കം പിന്നിലാക്കിയാണ് വാര്‍ണര്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ഓപ്പണറുടെ റോളിലിറങ്ങി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ നൂറ് സെഞ്ച്വറി നേടിയ സച്ചിന്‍ ഓപ്പണറായി 45 സെഞ്ച്വറിയാണ് നേടിയത്.
ഓപ്പണറായി ഇറങ്ങി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 49*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 45
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 42
സനത് ജയസൂര്യ – ശ്രീലങ്ക – 41
രോഹിത് ശര്‍മ – ഇന്ത്യ – 40*
മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 40
ഒരു സെഞ്ച്വറി കൂടി നേടിക്കഴിഞ്ഞാല്‍ 50 അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഓപ്പണര്‍ എന്ന നേട്ടവും ഏക ഓപ്പണര്‍ എന്ന നേട്ടവും വാര്‍ണറിനെ തേടിയെത്തും.
പാകിസ്ഥാനെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും വാര്‍ണറിനെ തേടിയെത്തിയിരിക്കുകയാണ്. ലോങ്ങര്‍ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത് താരം എന്ന നേട്ടമാണ് വാര്‍ണറിനെ തേടിയെത്തുന്നത്. മൈക്കല്‍ ക്ലാര്‍ക്കിനെ മറികടന്നാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം
(താരം – ടെസ്റ്റ് – ആവറേജ് – റണ്‍സ് എന്നീ ക്രമത്തില്‍)
റിക്കി പോണ്ടിങ് – 168 – 51.85 – 13,378
അലന്‍ ബോര്‍ഡര്‍ – 158 – 50.56 – 11,174
സ്റ്റീവ് വോ – 168 – 58.44 – 10,927
സ്റ്റീവ് സ്മിത് – 103* – 58.44 – 9,351
ഡേവിഡ് വാര്‍ണര്‍ – 110* – 45.05 – 8,651
അതേസമയം, ഡേവിഡ് വാര്‍ണറിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 84 ഓവരില്‍ അഞ്ച് വിക്കറ്റിന് 346 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. വാര്‍ണറിന് പുറമെ ഉസ്മാന്‍ ഖവാജ (41), മാര്‍നസ് ലബുഷാന്‍ (16), സ്റ്റീവ് സ്മിത് (31), ട്രാവിസ് ഹെഡ് (40) എന്നിവരുടെ വിക്കറ്റാണ് ആദ്യ ദിനം ഓസീസിന് നഷ്ടമായത്.