റെഡ് ബോള്‍ ഫോര്‍മാറ്റിലെ അവസാന മത്സരവും കളിച്ച് ഡേവിഡ് വാര്‍ണര്‍ 22 യാര്‍ഡ് പിച്ചിനോട് വിടപറഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് വാര്‍ണര്‍ അവസാനമായി ബാഗി ഗ്രീനണിഞ്ഞത്.
അവസാന ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ പടിയിറക്കം റോയലാക്കിയത്. 75 പന്തില്‍ 57 റണ്‍സാണ് കങ്കാരുപ്പടയുടെ കാളക്കൂറ്റന്‍ നേടിയത്. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ മറികടക്കുകയും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് തുത്തുവാരുകയും ചെയ്തിരുന്നു.
അവസാന ടെസ്റ്റില്‍ വാര്‍ണറുടെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ആരാധകരുടെ ആ പ്രതീക്ഷ മാത്രം നിറവേറ്റാന്‍ സാധിക്കാതെ പോയെങ്കിലും ആരാധകരെ പൂര്‍ണ തൃപ്തനാക്കി തന്നെയാണ് വാര്‍ണര്‍ പടിയിറങ്ങുന്നത്.
വാര്‍ണര്‍ പടിയിറങ്ങുമ്പോഴും താരം സൃഷ്ടിച്ച പല റെക്കോഡുകള്‍ ഏറെ കാലം ക്രിക്കറ്റ് ലോകത്ത് തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. തുടര്‍ച്ചയായ ലോകകപ്പില്‍ 500+ റണ്‍സ് നേടിയ രണ്ടാമത് താരം, രണ്ടാമത് ഓപ്പണര്‍ തുടങ്ങി മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറുടെ റെക്കോഡ് നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.
ഈ റെക്കോഡുകളുടെ കൂട്ടത്തില്‍ ഒരു നേട്ടം എടുത്തുപറയേണ്ടതുണ്ട്. ഓപ്പണറുടെ റോളിലിറങ്ങി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വാര്‍ണര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. കരിയറില്‍ സ്വന്തമാക്കിയ 49 സെഞ്ച്വറിയും താരം ഓപ്പണറായാണ് നേടിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 26 സെഞ്ച്വറി നേടിയ വാര്‍ണര്‍ ഏകദിനത്തില്‍ 22 തവണയും നൂറ് തികച്ചിട്ടുണ്ട്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഒരിക്കലാണ് ഓസ്ട്രേലിയയുടെ വിശ്വസ്ത ഓപ്പണര്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.
ഏകദിനത്തില്‍ ഓപ്പറുടെ റോളിലെത്തി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – സെഞ്ച്വറി)
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 49
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 45
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 42
സനത് ജയസൂര്യ – ശ്രീലങ്ക – 41
രോഹിത് ശര്‍മ – ഇന്ത്യ – 40
മാത്യൂ ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 40
അതേസമയം, ഒരു സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ പല റെക്കോഡുകളും വാര്‍ണറിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ 50 സെഞ്ച്വറി നേടുന്ന ഒമ്പതാമത് താരവും റിക്കി പോണ്ടിങ്ങിന് ശേഷം ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഓസ്‌ട്രേലിയന്‍ താരം എന്ന നേട്ടവും വാര്‍ണറിനെ തേടിയെത്തുമായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 100
വിരാട് കോഹ്‌ലി – ഇന്ത്യ – 80*
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 71
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 63
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 62
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 55
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 54
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 53
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 49
ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ചുവന്നേക്കാമെന്ന സൂചനകളും താരം നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം 50ാം സെഞ്ച്വറി നേട്ടത്തില്‍ വാര്‍ണറെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content highlight: David Warner scored more centuries as opener