ഇന്ത്യൻ മണ്ണിൽ ഹാട്രിക് ഫിഫ്റ്റി; ലോകകപ്പിന് മുന്നേ വാർണറിന്റെ വാണിങ്
Cricket
ഇന്ത്യൻ മണ്ണിൽ ഹാട്രിക് ഫിഫ്റ്റി; ലോകകപ്പിന് മുന്നേ വാർണറിന്റെ വാണിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th September 2023, 5:33 pm

ലോകകപ്പിന് മുമ്പുള്ള ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന് അർധസെഞ്ച്വറി.

പരമ്പരയിൽ വാർണറിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ച്വറിയാണിത്. ഹാട്രിക് ഫിഫ്റ്റി നേടിക്കൊണ്ട് താൻ മിന്നും ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ് വാർണർ.

 

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്ക് ഓപ്പണിങ്ങിൽ മിന്നും തുടക്കമാണ് വാർണർ സമ്മാനിച്ചത്. 34 പന്തിൽ 56 റൺസ് നേടികൊണ്ടായിരുന്നു താരത്തിന്റ വെടികെട്ട് ഇന്നിങ്‌സ്. ആറ് ഫോറുകളുടെയും നാല് വെടിച്ചില്ല് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു വാർണറിന്റെ തകർപ്പൻ ഇന്നിങ്‌സ്. 164.71 പ്രഹരശേഷിയിൽ ആയിരുന്നു താരം ബാറ്റ് വീശിയത്.

 

രാജ്കോട്ടിന് പുറമെ ഇൻഡോറിലും മൊഹാലിയിലും താരം അർധശതകം നേടിയിരുന്നു. ആദ്യ ഏകദിനത്തിൽ 53 പന്തിൽ 52 റൺസ് നേടി യിരുന്നു. ആറ് ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു ഈ ഇന്നിങ്‌സ്.

രണ്ടാം മത്സരത്തിൽ ഇൻഡോറിലും ഈ ഫോം ആവർത്തിച്ചു. ഏഴ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 39 പന്തിൽ 51 റൺസാണ് താരം നേടിയത്.

പരമ്പരയിൽ രണ്ട് ഏകദിനവും പരാജയപ്പെട്ട് നേരത്തേ സീരിസ് ഓസ്ട്രേലിയക്ക് നഷ്ടമായിരുന്നു. ഡേവിഡ് വാർണറിന്റെ ഈ മിന്നും ഫോം വരാൻ പോകുന്ന ലോകകപ്പിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

ഇന്ത്യയിൽ തന്നെ ലോകകപ്പ്‌ നടക്കുമ്പോൾ ഇന്ത്യൻ പിച്ചുകളിൽ ഇത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാർണർ ഓസ്ട്രേലിയൻ ടീമിന് കൂടുതൽ കരുത്താവും.

ഡേവിഡ് വാർണറിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ഐ.സി.സി ടൂർണ്ണമെന്റ് ആയിരിക്കും ഇത്. അതുകൊണ്ട് തന്നെ താരത്തിന്റ ഈ ഫോം ലോകകപ്പിലും ഉണ്ടാവുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

ഒക്ടോബർ എട്ടിന് ഇന്ത്യക്കെതിരെയാണ് ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

Content Highlight: David Warner scored his third consecutive half-century in India Australia ODI series.