ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ഓസ്‌ട്രേലിയന്‍ ടീമില്‍ വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമന്നുള്ള ആരാധകരുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചാണ് വാര്‍ണര്‍ തകര്‍ത്തടിച്ചത്.
ക്യൂന്‍സ് പാര്‍ക് ഓവലില്‍ നടന്ന മത്സരത്തില്‍ നമീബിയയായിരുന്നു എതിരാളികള്‍. പല കാരണങ്ങള്‍ കൊണ്ടും ഈ മത്സരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നമീബിയ നേടിയത്.
— Official Cricket Namibia (@CricketNamibia1) May 28, 2024
ഓസ്‌ട്രേലിയക്കായി ആദം സാംപ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും നേടി. നഥാന്‍ എല്ലിസും ടിം ഡേവിഡും ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് നമീബിയന്‍ താരങ്ങള്‍ റണ്ണൗട്ടുമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറിന്റെ കരുത്തിലാണ് പടുകൂറ്റന്‍ ജയം സ്വന്തമാക്കിയത്. 60 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചടക്കിയത്.
21 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 54 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 257.14 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ഓസ്‌ട്രേലിയയുടെ കാളക്കൂറ്റന്‍ സ്‌കോര്‍ ചെയ്തത്.
ഐ.പി.എല്ലില്‍ പരാജയമായ അതേ വാര്‍ണര്‍ തന്നെയാണ് ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ വേള്‍ഡ് കപ്പിന് തൊട്ടുമുമ്പ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഐ.പി.എല്‍ 2024ല്‍ എട്ട് മത്സരം മാത്രം കളിച്ച വാര്‍ണര്‍ 21.00 ശരാശരിയില്‍ 168 റണ്‍സാണ് നേടിയത്.
നമീബിയക്കെതിരായ മത്സരത്തില്‍ വാര്‍ണറിന് പുറമെ 16 പന്തില്‍ 23 റണ്‍സ് നേടിയ ടിം ഡേവിഡാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും ഡേവിഡ് വാര്‍ണറിനെ തന്നെയാണ്.