അവസാന ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ച്വറി; പാക് ബൗളര്‍മാരെ തകിട് പൊടിയാക്കി വാര്‍ണര്‍
Sports News
അവസാന ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ച്വറി; പാക് ബൗളര്‍മാരെ തകിട് പൊടിയാക്കി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 1:26 pm

ഡിസംബര്‍ 14-ന് പെര്‍ത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും പാകിസ്ഥാനും ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഏറ്റു മുട്ടുകയാണ്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മികച്ച തുടക്കമാണ് നല്‍കിയത്. ഈ മത്സരത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ വാര്‍ണര്‍ കളിക്കുന്ന തന്റെ അവസാന ടെസ്റ്റാണ് ഇത്.

ഓസ്‌ട്രേലിയക്ക് വേണ്ടി തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ വാര്‍ണര്‍ തുടക്കം മുതല്‍ തന്നെ പാകിസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചു സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 42ാം ഓവറില്‍ ആമിര്‍ ജമാല്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു തന്റെ ടെസ്റ്റ് കരിയറിലെ 26ാം സെഞ്ച്വറി. ഒരു സിക്‌സറും 14 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ മികച്ച സെഞ്ച്വറി നേട്ടം.

ഇതുവരെ 199 ടെസ്റ്റ് മത്സരത്തില്‍ നിന്നും 8487 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 335* റണ്‍സിന്റെ ഉയര്‍ന്ന റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. നീണ്ട ഫോര്‍മാറ്റ് കരിയറില്‍ താരം ഇതുവരെ 65 സിക്‌സറുകളും 1005 ബൗണ്ടറികളും നേടിയിട്ടുണ്ട്.

മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ വാര്‍ണര്‍ നേടിയ ഒരേ ഒരു സിക്‌സര്‍ ശ്രദ്ധ നേടിയിരുന്നു. ഇടംകയ്യന്‍ ബാറ്റര്‍ ഫൈന്‍ ലെഗ്ഗിലേക്ക് അസാധ്യമായ ഒരു സ്‌കൂപ്പിലൂടെയാണ് സിക്‌സര്‍ കണ്ടെത്തിയത്.

കൂടെ നിന്ന് ഉസ്മാന്‍ ഖവാജ 98 പന്തില്‍ ആറ് ബൗണ്ടറികള്‍ അടക്കം 41 റണ്‍സ് നേടിയത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ സര്‍ഫറാസ് അഹമ്മദിന് ക്യാച്ച് കൊടുത്താണ് ഖവാജ മടങ്ങിയത്. ശേഷം ഇറങ്ങിയ മാര്‍നസ് ലബുഷാന്‍ 25 പന്തില്‍ 16 റണ്‍സ് നേടിയപ്പോള്‍ ഫഹീന്‍ അഷ്‌റഫിന്റെ പന്തില്‍ എല്‍.ബി.ഡബ്ലിയു അപ്പീലില്‍ പുറത്താകുകയായിരുന്നു. ഡേവിഡ് വര്‍ണറും സ്റ്റീവ് സ്മിത്തുമാണ് ഇപ്പോള്‍ ക്രീസില്‍ തുടരുന്നത്. നിലവില്‍ 47 ഓവറില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 200 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ്.

Content Highlight: David Warner scored a blistering century in the last Test match