ഐ.പി.എല്‍ 2023ലെ 64ാമത് മത്സരം ഹിമാചലിലെ ധര്‍മശാലയില്‍ നടക്കുകയാണ്. പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് പരസ്പരം കൊമ്പുകോര്‍ക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായുമാണ് ആദ്യ വിക്കറ്റില്‍ ക്രീസിലെത്തിയത്.
പതിവില്‍ നിന്നും വിപരീതമായി പൃഥ്വി ഷായുടെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ധര്‍മശാല വേദിയായത്. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയടിച്ചാണ് ഷാ നിര്‍ണായകമായത്. ഷാക്കൊപ്പം മറുവശത്ത് ഡേവിഡ് വാര്‍ണറും തകര്‍ത്തടിച്ചിരുന്നു.
94 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 31 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 46 റണ്‍സാണ് താരം നേടിയത്.
പഞ്ചാബിനെതിരെ 46 റണ്‍സടിച്ചതോടെ 400 റണ്‍സ് മാര്‍ക്ക് പിന്നിടാനും വാര്‍ണറിന് സാധിച്ചു. ഐ.പി.എല്‍ കരിയറില്‍ ഇത് ഒമ്പതാം തവണയാണ് വാര്‍ണര്‍ ഐ.പി.എല്ലില്‍ 400+ റണ്‍സടിക്കുന്നത്.
ഫോം ഔട്ടിന്റെ പീക്കില്‍ കരിയര്‍ പോലും അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നുമാണ് വാര്‍ണറിന്റെ ഈ തിരിച്ചുവരവ്.
സീസണിലെ ഇതുവരെ കളിച്ച 13 മത്സരത്തില്‍ നിന്നുമായി 430 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനുമെല്ലാം ഈ മാര്‍ക് പിന്നിട്ടിട്ടുണ്ടെങ്കിലും സ്‌കോറിങ്ങില്‍ വാര്‍ണറിനോളം ഡോമിനന്‍സ് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും വാര്‍ണറിനോളം മികച്ച പ്രകടനം നടത്താന്‍ ഇവര്‍ക്കൊന്നും തന്നെ സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍ വാര്‍ണര്‍ തന്നെയാണ് ഐ.പി.എല്ലിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
ഐ.പി.എല്ലില്‍ ഇതുവരെ 6,311 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 5000, 6000 റണ്‍സ് തികയ്ക്കുന്ന ഏക വിദേശ താരവും വാര്‍ണര്‍ മാത്രമാണ്.