ഐ.സി.സി ലോകകപ്പിലെ പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം വേദിയാകുന്നത്. ഇരുടീമുകളുടെയും നാലാം മത്സരമാണിത്. പരാജയത്തില്‍ നിന്നും തിരിച്ചുവരവിനായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ആ തീരുമാനം തുടക്കത്തില്‍ തന്നെ പാളിപ്പോകുന്ന കാഴ്ചയായിരുന്നു ചിന്നസ്വാമിയില്‍ കണ്ടത്.
ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും തകര്‍ത്തടിച്ചതോടെ ആദ്യ വിക്കറ്റില്‍ 256 റണ്‍സാണ് പിറന്നത്. ഏകദിനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണിത്. ഇരുവരും സെഞ്ച്വറി നേടിയാണ് ഓസീസ് നിരയില്‍ തരംഗമായത്.
What a knock! A new highest ODI score for Mitch Marsh! #CWC23 pic.twitter.com/V80sfkbbUB
— cricket.com.au (@cricketcomau) October 20, 2023
When Warner tons up, he goes LARGE #CWC23 pic.twitter.com/0eoRA0TEF5
— cricket.com.au (@cricketcomau) October 20, 2023
108 പന്തില്‍ നിന്നും 121 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടപ്പെട്ടത്. ഷഹീന്‍ അഫ്രിദിയാണ് വിക്കറ്റ് നേടിയത്.
പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും സ്റ്റീവ് സ്മിത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ടീം സ്‌കോര്‍ 325ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ഡേവിഡ് വാര്‍ണറും പുറത്തായി. 124 പന്തില്‍ 163 റണ്‍സാണ് താരം നേടിയത്. ഒമ്പത് സിക്‌സറും 14 ബൗണ്ടറിയുമാണ് വാര്‍ണര്‍ നേടിയത്.
പാകിസ്ഥാനെതിരെ അവസാനം കളിച്ച നാല് ഏകദിനത്തിലും വാര്‍ണര്‍ സെഞ്ച്വറി നേടിയിരുന്നു. 130(119), 179 (128), 107 (111), 163 (124) എന്നിങ്ങനെയാണ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്.
ഇതിന് മുമ്പ് 2019 ലോകകപ്പിലാണ് വാര്‍ണറും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വാര്‍ണറിന്റെ 107 റണ്‍സിന്റെ കരുത്തില്‍ ഓസീസ് 49 ഓവറില്‍ 307 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 45.4 ഓവറില്‍ 266 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കളിയിലെ താരമായി തെരഞ്ഞെടുത്തതും വാര്‍ണറിനെ തന്നെയായിരുന്നു.
പാകിസ്ഥാന്റെ ഓസീസ് പര്യടനത്തിലായിരുന്നു ഇതിന് മുമ്പ് വാര്‍ണര്‍ സെഞ്ച്വറിയടിച്ചത്. 2017 ജനുവരി 26ന് അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ 22ന് സിഡ്‌നിയില്‍ നടന്ന മത്സരത്തിലാണ് വാര്‍ണര്‍ 130 റണ്‍സ് നേടിയത്. ഈ രണ്ട് മത്സരത്തിലും വാര്‍ണര്‍ തന്നെയായിരുന്നു കളിയിലെ താരവും.
അതേസമയം, ചിന്നസ്‌വാമിയില്‍ ഓസീസ് ഉയര്‍ത്തിയ 368 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലാണ്. 19 പന്തില്‍ 25 റണ്‍സുമായി ഇമാം ഉള്‍ ഹഖും 17 പന്തില്‍ പത്ത് റണ്‍സുമായി അബ്ദുള്ള ഷഫീഖുമാണ് ക്രീസില്‍.
Content highlight: David Warner scored 4 centuries in last 4 ODIs against Pakistan