| Thursday, 30th November 2023, 5:13 pm

'2027 ലോകകപ്പില്‍ മാത്രമല്ല, 2031 ലോകകപ്പിലും വിരാട് കോഹ്‌ലി കളിക്കും'

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിക്ക് 2031 ഐ.സി.സി ഏകദിന ലോകകപ്പും കളിക്കാന്‍ സാധിക്കുമെന്ന് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. വിരാട് വളരെ ഫിറ്റായ താരമാണെന്നും താരത്തിന് ക്രിക്കറ്റിനോടുള്ള പാഷന്‍ അപാരമാണെന്നും വാര്‍ണര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു വാര്‍ണര്‍.

‘വിരാട് 2031 ലോകകപ്പ് വരെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന ആരാധകന്റെ പോസ്റ്റിന് ‘അവന്‍ കളിക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. അവന്‍ വളരെ ഫിറ്റായ താരമാണ്, കൂടാതെ ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്,’ എന്നാണ് വാര്‍ണര്‍ മറുപടി നല്‍കിയത്.

വാര്‍ണറിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2027 ലോകകപ്പില്‍ മാത്രമല്ല വാര്‍ണര്‍ പറഞ്ഞതുപോലെ 2031 ലോകകപ്പിലും വിരാട് കളിക്കുമെന്നും രണ്ട് തവണയും കപ്പുയര്‍ത്തുമെന്നും ആരാധകര്‍ പറയുന്നു.

കയ്യകലത്ത് നിന്നുമാണ് 2023 ലോകകപ്പ് വിരാടിന് നഷ്ടമായത്. ഫൈനലില്‍ ഓസ്‌ട്രേലിയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 42 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഫൈനല്‍ വരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയെത്തിയ ഇന്ത്യ കലാശപ്പോരാട്ടത്തില്‍ തങ്ങള്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയ അതേ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

ഐ.സി.സി ഇവന്റ് വിജയിച്ചത് ഓസ്‌ട്രേലിയയാണെങ്കിലും വിരാടിന്റെ പേരിലായിരിക്കും ഈ ലോകകപ്പ് അറിയപ്പെടുക. നിരവധി ലോകകപ്പ് റെക്കോഡുകളും, ലോക റെക്കോഡുകളുമാണ് വിരാട് തകര്‍ത്തത്.

2003ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥാപിച്ച 673 റണ്‍സിന്റെ വേള്‍ഡ് കപ്പ് റെക്കോഡടക്കം തകര്‍ത്ത വിരാട്, ഏകദിനത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തതും വിരാടിനെ തന്നെയായിരുന്നു.

വിരാട് മാത്രമല്ല, ഡേവിഡ് വാര്‍ണറും ഈ ലോകകപ്പില്‍ പല റെക്കോഡുകളും കുറിച്ചിരുന്നു. തുടര്‍ച്ചയായ ലോകകപ്പുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം താരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

2019 ലോകകപ്പില്‍ 647 റണ്‍സടിച്ച വാര്‍ണര്‍ ഈ ലോകകപ്പില്‍ 535 റണ്‍സും നേടിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. വാര്‍ണറിനെ പോലെ 2019, 2023 ലോകകപ്പിലായിരുന്നു രോഹിത്തിന്റെയും നേട്ടം.

Content highlight: David Warner says Virat Kohli could play 2031 world cup

We use cookies to give you the best possible experience. Learn more