വിരാടൊന്നുമല്ല, ലോകത്തിലെ മികച്ച ബാറ്ററെ തെരഞ്ഞെടുത്ത് ഡേവിഡ് വാര്‍ണര്‍
Sports News
വിരാടൊന്നുമല്ല, ലോകത്തിലെ മികച്ച ബാറ്ററെ തെരഞ്ഞെടുത്ത് ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2024, 12:06 pm

ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ സ്റ്റീവ് സ്മിത് ആണെന്ന് മുന്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഓസീസിന്റെ വിശ്വസ്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ ഉസ്മാന്‍ ഖവാജക്കൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഡേവിഡ് വാര്‍ണര്‍ ഇക്കാര്യം പറയുന്നത് എന്നതും ശ്രദ്ധേയമാണ്.

പാകിസ്ഥാനെതിരെ സിഡ്‌നിയില്‍ തന്റെ അവസാന മത്സരം കളിച്ച വാര്‍ണര്‍ സ്മിത്തിന് മികച്ച ഓപ്പണറാകാനുള്ള എല്ലാ പൊട്ടെന്‍ഷ്യലും ഉണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഏത് സാഹചര്യങ്ങളോടും ഏത് ചലഞ്ചുകളോടും സ്മിത് പെട്ടെന്ന് തന്നെ പൊരുത്തപ്പെടുമെന്നും വാര്‍ണര്‍ പറഞ്ഞു. പ്രയറി ക്ലബ്ബ് ഫയര്‍ പോഡ്കാസ്റ്റിലാണ് വാര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.

 

‘എനിക്ക് തോന്നുന്നത് സ്മിത്തിന് ആ റോള്‍ വളരെ മികച്ച രീതിയില്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ്. അവനാണ് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍. അവന്‍ എല്ലാത്തിനും ഒരു വഴി കണ്ടെത്തും. സ്മിത്തിനെ സംബന്ധിച്ച് ഇതൊരു വെല്ലുവിളിയായിരിക്കാം, എന്നാല്‍ അവനത് ഏറ്റെടുക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ വാര്‍ണര്‍ പറഞ്ഞു.

സ്മിത് തന്നെ ഓസീസിന്റെ ഓപ്പണറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മിത്തിന് പുറമെ കാമറൂണ്‍ ഗ്രീനാണ് കങ്കാരുക്കള്‍ക്ക് മുമ്പിലുള്ള മറ്റൊരു ഓപ്ഷന്‍.

പാകിസ്ഥാനെതിരെ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനമാണ് സ്മിത് പുറത്തെടുത്തത്. എന്നാല്‍ താരത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് അത്രകണ്ട് മികച്ച പ്രകടനമല്ലതാനും. പരമ്പരയിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 38.80 ശരാശരിയില്‍ 194 റണ്‍സാണ് താരം നേടിയത്.

ടെസ്റ്റ് കരിയറില്‍ 105 മത്സരത്തില്‍ നിന്നും 187 ഇന്നിങ്‌സിലാണ് സ്മിത് ബാറ്റേന്തിയത്. 58.01 ശരാശരിയില്‍ 9,514 റണ്‍സാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്മിത്തിന്റെ സമ്പാദ്യം.

ടെസ്റ്റില്‍ 32 തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത് 40 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2017 ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 239 റണ്‍സാണ് കരിയറിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇനി കമ്മിന്‍സിനും സംഘത്തിനും മുമ്പിലുള്ളത്. ഈ പരമ്പരയില്‍ പുതിയ ഓപ്പണര്‍ ഖവാജക്കൊപ്പം ക്രീസിലെത്തും.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജനുവരി 17നാണ് നടക്കുന്നത്. അഡ്‌ലെയ്ഡ് ഓവലാണ് വേദി. ജനുവരി 25 മുതല്‍ 29 വരെ നടക്കുന്ന രണ്ടാം ടെസ്റ്റിന് ഗാബയും വേദിയാകും.

ഓസ്‌ട്രേലിയക്കെതിരായ വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

അലിക് അത്തനാസ്, കിര്‍ക് മെക്കന്‍സി, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്‌റ്ന്‍), തഗനരെയ്ന്‍ ചന്ദര്‍പോള്‍, സക്കാരി മക്കെന്‍സി, ജസ്റ്റിന്‍ ഗ്രീവ്‌സ്, കേവെം ഹോഡ്ജ്, ഷമര്‍ ജോസഫ്, ജോഷ്വ ഡ സില്‍വ (വിക്കറ്റ് കീപ്പര്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), അകീം ജോര്‍ദന്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, കെമര്‍ റോച്ച്, കെവിന്‍ സിംക്ലയര്‍.

 

 

Content Highlight: David Warner says Steve Smith is the best test batter in the world