| Wednesday, 21st December 2022, 7:48 pm

ഒരു കുറ്റബോധവുമില്ല, നിങ്ങള്‍ പെര്‍ഫെക്ടാണെങ്കില്‍ മാത്രം എന്നെ വിമര്‍ശിച്ചാല്‍ മതി; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തില്‍ വിജയങ്ങള്‍ക്കും റെക്കോഡുകള്‍ക്കുമൊപ്പം തന്നെ വിവാദങ്ങളും സമ്പാദിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. 2018ല്‍ ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദമാണ് അതില്‍ അവസാനത്തേതായി എടുത്ത് പറയാന്‍ സാധിക്കുന്നത്.

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും നിര്‍ദേശ പ്രകാരം യുവതാരം കാമറൂണ്‍ ബ്രാന്‍ക്രോഫ്റ്റായിരുന്നു പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടത്. ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക പരമ്പരക്കിടെയായിരുന്നു സംഭവം നടന്നത്.

സംഭവം വിവാദമായതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി നടപടിയെടുക്കുകയുമായിരുന്നു.

വാര്‍ണറിന് ഒരു വര്‍ഷത്തെ വിലക്കും ക്യാപ്റ്റന്‍സിയില്‍ ആജീവനാന്ത വിലക്കുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്. എന്നാല്‍ താരത്തിന്റെ ക്യാപ്റ്റന്‍സി ബാനില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ ചില ഇളവുകള്‍ വരുത്താന്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ വിലക്കില്‍ നിന്നും തിരിച്ചെത്തിയ ശേഷം ടെസ്റ്റില്‍ പഴയ പോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലായിരുന്നു. 2020ലാണ് താരം അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയത്.

ഹെറാള്‍ഡ് സണ്ണിന് താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 2018ലെ ബോള്‍ ടാംപറിങ് വിവാദത്തില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യമാണ് താരത്തെ വീണ്ടും ചര്‍ച്ചയിലേക്കെത്തിച്ചത്.

ബോള്‍ ടാംപറിങ് നടത്തിയതില്‍ ഖേദിക്കുന്നില്ലെന്നും ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ല എന്ന തരത്തിലുമായിരുന്നു വാര്‍ണറിന്റെ മറുപടി.

‘ഞാന്‍ ഒന്നിനെ കുറിച്ചും ഖേദിക്കുന്നില്ല. ആരും പെര്‍ഫെക്ടല്ല, എല്ലാവരും അവരവരുടെ വഴി വെട്ടിത്തെളിക്കുകയാണ്. നിങ്ങള്‍ പെര്‍ഫെക്ടാവുന്ന വരെ നിങ്ങള്‍ക്കെന്നെ വിമര്‍ശിക്കാനോ ജഡ്ജ് ചെയ്യാനോ സാധിക്കില്ല. ഭൂതകാലത്തില്‍ സംഭവിച്ചതെന്തോ അതാണ് ഇപ്പോള്‍ കാണുന്ന എന്നെ സൃഷ്ടിച്ചെടുത്തത്,’ വാര്‍ണര്‍ പറയുന്നു.

വിലക്ക് ലഭിച്ച സമയത്ത് ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഒരു തരത്തിലും സഹായിക്കാന്‍ ശ്രമിച്ചില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

Content Highlight: David Warner says he has no regret on 2018 ball tampering

We use cookies to give you the best possible experience. Learn more