ഐ.പി.എല്‍ 2023ലെ 44ാം മത്സരത്തിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയാകുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും ഹോം ടീമുമായ ഗുജറാത്ത് ടൈറ്റന്‍സ് ടേബിളിലെ അവസാന സ്ഥാനക്കാരായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്.
ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ സന്ദര്‍ശകരുടെ നെഞ്ചില്‍ വെടി പൊട്ടിച്ചാണ് ടൈറ്റന്‍സ് തുടങ്ങിയത്.
സൂപ്പര്‍ താരം മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്പിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഷമിയുടെ പന്തില്‍ ഷോട്ട് കളിച്ച സൂപ്പര്‍ താരം ഫില്‍ സോള്‍ട്ട് ഡേവിഡ് മില്ലറിന്റെ കയ്യില്‍ ഒടുങ്ങി.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് അടുത്ത ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്കിലാകട്ടെ വണ്‍ ഡൗണായെത്തിയ പ്രിയം ഗാര്‍ഗും. ആദ്യ പന്ത് ഡിഫന്‍ഡ് ചെയ്ത ഗാര്‍ഗ്, റണ്‍സ് ഇല്ലാതിരുന്നിട്ട് കൂടിയും രണ്ടാം പന്തില്‍ സിംഗിളിനായി കോള്‍ ചെയ്തു.
ഗാര്‍ഗിന്റെ റണ്‍ കോളിന് പിന്നാലെ വാര്‍ണര്‍ സിംഗിളിനായി ശ്രമിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് പന്ത് കയ്യിലൊതുക്കിയ റാഷിദ് ഖാന്‍ ഡയറക്ട് ഹിറ്റിനോ മറ്റേതെങ്കിലും താരത്തിന് ത്രോ ചെയ്യാനോ ശ്രമിക്കാതെ ഓടിച്ചെന്ന് ബെയ്ല്‍സ് തട്ടുകയായിരുന്നു. രണ്ട് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ വാര്‍ണറിന്റെ സമ്പാദ്യം. ഓവര്‍ സ്റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോളായ പന്തില്‍ തന്നെയാണ് താരം റണ്‍ ഔട്ട് ആയതും.
അതേസമയം, മൂന്ന് ഓവര്‍ പിന്നിട്ടപ്പോഴേക്കും ക്യാപ്പിറ്റല്‍സിന് മൂന്നാം വിക്കറ്റും നഷ്ടമായി. ടീമിലേക്ക് മടങ്ങിയെത്തിയ റിലി റൂസോയുടെ വിക്കറ്റാണ് ക്യാപ്പിറ്റല്‍സിന് നഷ്ടമായത്. ആറ് പന്തില്‍ നിന്നും എട്ട് റണ്‍സുമായി നില്‍ക്കവെ ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ മൂന്ന് ഓവറില്‍ 16 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്.