ഇങ്ങേര് അഗ്രഷനൊക്കെ വിട്ടോ? കൂവി വിളിച്ച 20,000 കാണികളെയും അമ്പരപ്പിച്ച് വാര്‍ണര്‍, കയ്യടിച്ച് സഹതാരങ്ങള്‍; വിഡിയോ
Sports News
ഇങ്ങേര് അഗ്രഷനൊക്കെ വിട്ടോ? കൂവി വിളിച്ച 20,000 കാണികളെയും അമ്പരപ്പിച്ച് വാര്‍ണര്‍, കയ്യടിച്ച് സഹതാരങ്ങള്‍; വിഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 8:59 pm

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. വെല്ലിങ്ടണ്‍ റീജ്യണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയവുമായി സന്ദര്‍ശകര്‍ മുമ്പിലെത്തിയിരിക്കുകയാണ്. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരം ബൗണ്ടറിയിലൂടെയാണ് കങ്കാരുക്കള്‍ അവസാനിപ്പിച്ചത്.

കിവീസ് ഉയര്‍ത്തിയ 216 റണ്‍സിന്റെ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് മറികടക്കുകയായിരുന്നു.

മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്നെ കൂവി വിളിച്ച ന്യൂസിലാന്‍ഡ് ആരാധകര്‍ക്ക് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോറിലെത്തിയത്.

രചിന്‍ 35 പന്തില്‍ 68 റണ്‍സ് നേടി. ആറ് സിക്സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 194.29 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 46 പന്തില്‍ നിന്നും രണ്ട് സിക്സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെ 63 റണ്‍സാണ് കോണ്‍വേ നേടിയത്.

ന്യൂസിലാന്‍ഡിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന് ട്രാവിസ് ഹെഡും വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഹെഡ് 15 പന്തില്‍ 24 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 32 റണ്‍സാണ് ഓസ്‌ട്രേലിയയുടെ കാളക്കൂറ്റന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.

ടീം സ്‌കോര്‍ 69ല്‍ നില്‍ക്കവെ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്.

ഔട്ടായി തിരികെ പവലിയനിലേക്ക് നടക്കവെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ താരത്തെ കൂവി വിളിക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് ഫ്‌ളയിങ് കിസ് നല്‍കിക്കൊണ്ടാണ് വാര്‍ണര്‍ തിരികെ നടന്നത്.

താരത്തിന്റെ പ്രവൃത്തി കണ്ട ഡഗ് ഔട്ടിലെ സഹതാരങ്ങള്‍ കയ്യടിക്കുകയായിരുന്നു. വാര്‍ണറിന്റെ ഈ പ്രവൃത്തിയ ക്ലാസ് എന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്.

അതേസമയം, വണ്‍ ഡൗണായിറങ്ങിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറിയുടെയും യുവതാരം ടിം ഡേവിഡിന്റെ വെടിക്കെട്ടിന്റെയും ബലത്തില്‍ കങ്കാരുക്കള്‍ വിജയിച്ച് കയറുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും കങ്കാരുക്കള്‍ക്കായി. ഫെബ്രുവരി 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈഡന്‍ പാര്‍ക്കാണ് വേദി.

 

 

 

Content highlight: David Warner’s lovely gesture towards fans in the stadium